
റിയാദ്: സൗദി ജെയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് അപ്പീല്‍ കാലാവധി കഴിഞ്ഞാല്‍ മോചനത്തിന് സാധ്യതയുണ്ടെന്ന് നിയമ വിദഗ്ദര്‍. സൗദി അറേബ്യയിലെ കോടതി വ്യവഹാരങ്ങള്‍ ഹിജ്‌റ കലണ്ടര്‍ പ്രകരാമാണ് നടക്കുന്നത്. സൗദി നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഹിജ്‌റ കലണ്ടറിലാണ് ശിക്ഷ ഉള്‍പ്പെടെയുളളവ കണക്കാക്കുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്.

2006 ഡിസംബര്‍ 24 (1427 ദുല്‍ഹജ്ജ 3) മുതല്‍ തടവില്‍ കഴിയുന്ന റഹീം ഹിജ്‌റ കലണ്ടര്‍ പ്രകാരം (1446 ദുല്‍ ഹജ്ജ് 2) 2025 മെയ് 29ന് 19 വര്‍ഷം പൂര്‍ത്തിയാകും. ഈ സാഹചര്യത്തിലാണ് മോചനത്തിന് സാധ്യത തെളിയുന്നത്.

തടവില്‍ കഴിയുന്നവര്‍ക്ക് രാജകാരുണ്യം വഴി മോചനത്തിന് ശ്രമിക്കാം. തടവില്‍ കഴിഞ്ഞ വേളയിലെ നല്ല പെരുമാറ്റം പരിഗണിച്ചും മോചനത്തിന് ജെയില്‍ അധികൃതര്‍ ശുപാര്‍ശ ചെയ്യാറുണ്ട്.
അപ്പീല്‍ സമര്‍പ്പിക്കാന്‍ കോടതി ഒരു മാസമാണ് സമയം അനുവദിച്ചിട്ടുളളത്. ഇതിന്റെ സമയ പരിധി 2025 ജൂണ്‍ 23ന് കഴിയും. ഇതോടെ കോടതി വിധിച്ച 20 വര്‍ഷം തടവ് എന്നത് അന്തിമ വിധിയായി പരിഗണിക്കും.

പ്രൈവറ്റ് റൈറ്റ് പ്രകാരം വധശിക്ഷ നേരത്തെ കോടതി റദ്ദാക്കിയിരുന്നു. തെളിവ് നശിപ്പിച്ചു എന്ന കുറ്റം സംശയാതീതമായി തെളിഞ്ഞ സാഹചര്യത്തിലാണ് പബഌക് റൈറ്റ് പ്രകാരം 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. അതുകൊണ്ടുതന്നെ അപ്പീല്‍ കാലാവധി കഴിയുന്ന ജൂണ്‍ 23ന് ശേഷം ശ്രമിച്ചാല്‍ മോചനത്തിന് സാധ്യതയുണ്ടെന്ന് നിയമ വിദഗ്ദര്‍ വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.