റിയാദ്: റഹീമിന്റെ മോചനത്തിന് നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച മതിയെന്ന നിയമ രംഗത്തുളളവര്‍ പറയുന്നു. റഹീമിന് മാപ്പ് നല്‍കാന്‍ ഷഹരി കുടുംബം നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇരുകക്ഷികളുടെയും അഭിഭാഷകര്‍ ഇതുസംബന്ധിച്ച് ധാരണയെത്തിയത് കോടതിയിലും ബോധിപ്പിച്ചിട്ടുണ്ട്.
ഇതുപ്രകാരമാണ് 150 ലക്ഷം റിയാല്‍ ദിയാ ധനം നല്‍കാമെന്ന് റഹീമിന്റെ കുടുംബത്തിന് വേണ്ടി സാമൂഹിക പ്രവര്‍ത്തകര്‍ ഉറപ്പു നല്‍കിയത്. റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഇതുസംബന്ധിച്ച് അഭിഭാഷകന്റെ കത്ത് ലഭിച്ചതോടെയാണ് പൊതു ധന സമാഹരണം ആരംഭിച്ചത്.
നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത റഹിം ലീഗല്‍ അസിസ്റ്റന്‍സ് കമ്മറ്റിയുടെ അക്കൗണ്ടില്‍ നിന്ന് വിദേശകാര്യ മന്ത്രാലയത്തിലേയ്ക്ക് പണം ഉടന്‍ ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് റിയാദ് ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടിലേക്ക് മാറ്റും. സൗദിയിലെ കോടതി അനുമതിയോടെ റിയാദില്‍ അക്കൗണ്ട് തുറന്ന് അതില്‍ നിക്ഷേപിക്കും. പ്രസ്തുത ബാങ്കിലെ ചെക് കോടതിയില്‍ സമര്‍പ്പിക്കണം. കോടതി നിര്‍ദേശിക്കുന്ന ദിവസം അബ്ദുല്‍ റഹീം, ഷഹരി കുടുംബാംഗങ്ങള്‍, ഇരുവിഭാഗം അഭിഭാഷകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചെക്ക് കൈമാറും.
ചെക്ക് കൈപ്പറ്റിയതായി കോടതി എഴുതി വാങ്ങും. ഇത് കോടതി രേഖപ്പെടുത്തുന്നതോടെ റഹീമിന് മാപ്പ് നല്‍കുന്നതായും മോചിപ്പിക്കാനും ഉത്തരവിടും. സാധാരണ ഒരാഴ്ചക്കകം നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പരിഭാഷകനായ അബ്ദു റസാഖ് സ്വലാഹി സൗദിടൈംസിനോടു പറഞ്ഞു. എന്നാല്‍ ഇത്തരം ചില കേസുകളില്‍ മോചനത്തിന് മൂന്ന് മാസം വരെ സമയം എടുത്ത സന്ദര്‍ഭങ്ങളുമുണ്ട്. എംബസി ഉദ്യോഗസ്ഥരും റഹീമിന്റെ അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും സജീവമായി രംഗത്തുളളതിനാല്‍ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈദ് അവധി കഴിഞ്ഞ് അടുത്ത ആഴ്ച കോടതി തുറക്കും. ആദ്യ പ്രവൃത്തി ദിവസം തന്നെ ദിയാ ധനം തയ്യാറാണെന്ന് ബോധിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഈ മാസം തന്നെ റഹീമിന് നാട്ടിലെത്താന്‍ വഴിയൊരുങ്ങും. ഇന്ത്യയില്‍ നിന്ന് റിയാദ് എംബസി അക്കൗണ്ടിലേയ്ക്ക് എത്രയും വേഗം പണം എത്തിയാല്‍ പരമാവധി ഒരാഴ്ചക്കകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.