Sauditimesonline

1 edapa
'എടപ്പ' അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

വ്രതാനുഷ്ഠാനം പകരുന്ന ആത്മീയതയും മാനവികതയും

വ്രതാനുഷ്ഠാനത്തിനു മാത്രമുളള മാസമല്ല റമദാന്‍. വിശുദ്ധ ഖുര്‍ആനിന്റെ മാസം കൂടിയാണിത്. ജിബ്‌രീല്‍ എന്ന മാലാഖ പ്രവാചകന് ദിവ്യ സന്ദേശമായി വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ കേള്‍പ്പിച്ചു. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ അവതീര്‍ണമായ മാസം എന്നാണ് വിശുദ്ധ ഖുര്‍ആന്‍ റമദാനിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യ കുലത്തെ അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേക്ക് നയിച്ച പ്രകാശമാണ് ഖുര്‍ആന്‍.

വ്രതാനുഷ്ഠാനം മുസ്ലിംകള്‍ക്ക് നിര്‍ബന്ധമാണ്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ആത്മീയ സ്മരണയില്‍ കഴിയുമ്പോഴാണ് വ്രത ശുദ്ധി പൂര്‍ണമാകുന്നത്. അനാവശ്യമായ വാക്കും വാഗ്വാദങ്ങളും പാടില്ല. അതുകൊണ്ടുതന്നെ റമദാന്‍ ആഗതമായതോടെ വിശ്വാസ സമൂഹം പ്രാര്‍ഥനയില്‍ കര്‍മനിരതരാണ്.
വ്രതാനുഷ്ഠാനം ലക്ഷ്യം വെക്കുന്ന ആത്മീയത അല്ലാഹീവിലേക്ക് അടുക്കുക എന്നതാണ്. അതോടൊപ്പം മാനുഷികവും സാമൂഹികവുമായ ലക്ഷ്യവും സുപ്രധാനമാണ്. അതിനുളള പരിശീലനമാണ് റമദാന്‍ വ്രതമെന്ന് റിയാദ് ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറിയും ഇസ്‌ലാമിക് ദഅ്‌വാ ആന്റ് അവയര്‍നസ് സെന്റര്‍ പ്രബോധകനുമായ അബ്ദുറസാഖ് സ്വലാഹി പറഞ്ഞു.

റമദാനില്‍ ഇഫ്താര്‍ ഒരുക്കുന്നതും സംഘടിത ഇഫ്താറും ഏറെ പുണ്യമുളള കാര്യമാണ്. റമദാനിലെ 30 ദിനങ്ങളിലും ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ വിപുലമായ ഇഫ്താര്‍ സംഗമമാണ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഒരുക്കുന്നത്. മലയാളികള്‍ ധാരാളമുളള റിയാദ് ബത്ഹ, സുമേശി എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ ഇസ്ലാഹീ ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനുളള അവസരം, ആകര്‍ഷക സമ്മാനങ്ങള്‍ വിതരണം ചെയ്യുന്ന വൈജ്ഞാനിക മത്സരങ്ങള്‍ എന്നിവയാണ് ഇവിടെ നടക്കുന്ന ഇഫ്താര്‍ സംഗമങ്ങളുടെ പ്രത്യേകത.

വിവിധ പ്രവാസി കൂട്ടായ്മകള്‍ ഒരുക്കുന്ന ഇഫ്താര്‍ വിരുന്ന് റമദാന്‍ വിളംബരം ചെയ്യുന്ന ഐക്യത്തിന്റെയും ഒരുമയുടെയും പ്രതീകമാണ്. ജാതി, മത ഭേദമന്യേ സൗഹൃദ സായാഹ്‌നങ്ങള്‍ കൂടിയാണ് ഇഫ്താര്‍ സംഗമങ്ങള്‍. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ റിയാദ് നഗരത്തില്‍ അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.

വിശ്വാസികളെ സ്വീകരിക്കാന്‍ മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇരു ഹറമുകളിലും ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ഓരോ ദിവസവും ഇഫ്താര്‍ വിരുന്നൊരുക്കും. 8000 വളന്റിയര്‍മാരെ ഇതിനായി വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റമദാനില്‍ ആദ്യ 10 ദിനങ്ങളില്‍ 10 ലക്ഷം വിശ്വാസികള്‍ക്കാണ് മക്കയില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയത്. ഈ വര്‍ഷം അതില്‍ കൂടുതല്‍ വിശ്വാസികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറുപതിലധികം സന്നദ്ധ സംഘടനകളും മസ്ജിദുല്‍ ഹറമിലെ ഇഫ്താര്‍ സംഗമങ്ങള്‍ക്ക് പങ്കാളികളാണ്.

മദീനയില്‍ 600 ജീവനക്കാര്‍ക്കു പുറമെ സ്ത്രീകള്‍ ഉള്‍പ്പെടെ 1000 സന്നദ്ധ സേവകരും വിശ്വാസികളെ സഹായിക്കാന്‍ രംഗത്തുണ്ട്. ആരോഗ്യ മന്ത്രാലയം, റെഡ് ക്രസന്റ് എന്നിവയുടെ നേതൃത്വത്തില്‍ ആതുരശുശ്രൂഷക്കു ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 39 എമര്‍ജന്‍സി സെന്ററുകളില്‍ 1600 ജീവനക്കാരെയാണ് റെഡ് ക്രെസന്റ് നിയമിച്ചത്.

ആയിരം മാസങ്ങളെക്കാള്‍ പുണ്യമുളള ലൈലത്തുല്‍ ഖദ്ര്‍ റമദാനിലെ അവസാന പത്തിലാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവില്‍ മക്ക, മദീന എന്നിവിങ്ങെളിലെ മസ്ജിദുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി ആവശ്യമില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. സന്ദര്‍ശകര്‍ക്ക് കൊവിഡ് വൈറസ് ബാധ ഉണ്ടാകരുത്. വൈറസ് ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കം പാടില്ലെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഉംറ കര്‍മം നിര്‍വഹിക്കുന്നതിനും മദീനയിലെ മസ്ജിദില്‍ റൗദ ഷെരീഫ് സന്ദര്‍ശിക്കുന്നതിനും അനുമതി നിര്‍ബന്ധമാണ്.

റമദാന്‍ മാസത്തില്‍ ഇശാ നിസ്‌ക്കാരാനന്തരം നിര്‍വഹിക്കുന്ന ആരാധനാ കര്‍മമാണ് തറാവീഹ് നിസ്‌കാരം. സൗദിയിലെ പളളികളില്‍ സംഘടിതായി ദീര്‍ഘനേരമുളള പ്രാര്‍ഥനകളില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്. റമദാനില്‍ ഏറെ പുണ്യമുളള കര്‍മമാണ് മസ്ജിദുകളില്‍ അധിവസിച്ച് പ്രാര്‍ഥനയില്‍ മുഴുകുക എന്നത്. ഇതിനെ ഇഅ്തികാഫ് എന്നാണ് പറയുന്നത്. റമദാന്‍ നോമ്പ് അവസാനിക്കുമ്പോള്‍ നിര്‍ബന്ധമായും നല്‍കേണ്ട ദാനധര്‍മ്മമാണ് ഫിത്ര്‍ സകാത്ത്. പെരുന്നാള്‍ ദിനത്തിലാരും പട്ടിണി കിടക്കരുത്, ഇതിനാണ് ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയത്. റമദാനില്‍ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഉംറ കര്‍മം അനുഷ്ഠിക്കുന്നതു പുണ്യകര്‍മമാണ്.

അന്തസ്സുളള സൃഷ്ടിയാണ് മനുഷ്യന്‍ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. വ്രതമനുഷിക്കുന്ന സൃഷ്ടിയും മനുഷ്യന്‍ മാത്രമാണ്. അതുകൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച റമദാനില്‍ വ്രതാനുഷ്ഠാനത്തിലൂടെ മനസ്സും ശരീരവും ശുദ്ധീകരിക്കാനുളള പ്രയാണത്തിലാണ് വിശ്വാസികള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top