Sauditimesonline

watches

ബത്ഹ ഇസ്‌ലാഹി സെന്റര്‍ തസ്‌കിയത്ത് സംഗമം

റിയാദ്: ഇഹത്തിലും പരത്തിലും വിജയം നേടാന്‍ മനസുകള്‍ സംശുദ്ധമാക്കണമെന്ന് ബത്ഹ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച തസ്‌കിയത്ത് സംഗമം അഭിപ്രായപ്പെട്ടു. നന്മയുടെ വാഹകരാകാന്‍ മനുഷ്യന് കഴിയണം. പ്രവാചകന്മാരും അനുചരന്മാരും നന്മയുടെ പ്രചാരണത്തിനായി ത്യാഗ പൂര്‍ണ്ണമായ ജീവിതം നയിച്ചവരാണ്. ഈ മാതൃക പിന്തുടരാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സഈദ് ചാലിശ്ശേരി പറഞ്ഞു. ജീവിത ലക്ഷ്യം മനസ്സിലാക്കി മുന്നേറാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. ചുറ്റുമുള്ള പ്രലോഭനങ്ങളില്‍ വഴുതി വീണ് തിന്മയെ പുല്‍കുന്ന ദുരന്തത്തില്‍ നിന്നും മാറിനില്‍ക്കാനുള്ള ജാഗ്രത വിശ്വാസികള്‍ക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസിയുടെ കരുത്ത് പ്രാര്‍ത്ഥനയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമല്ല സദാസമയവും പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സിന്റെ ഉടമകളാവാന്‍ കഴിയണമെന്ന് അബ്ദുഷഹീദ് ഫാറൂഖി പറഞ്ഞു. സ്രഷ്ടാവും അവന്റെ അടിമകളും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് പ്രാര്‍ത്ഥന. അതിന് മധ്യസ്ഥന്മാരെ സ്വീകരിക്കുന്നത് ദൈവത്തില്‍ നിന്ന് അകലാന്‍ കാരണമാകും. പൗരോഹിത്യ ചൂഷണങ്ങളില്‍ അകപ്പെടാതെ യഥാര്‍ത്ഥ വിശ്വാസികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധഖുര്‍ആന്‍ മാനവര്‍ക്ക് വെളിച്ചമായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ്. അത് പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും വിശ്വാസികള്‍ തയ്യാറാവണമെന്ന് ഹബീബ് സ്വലാഹി ആഹ്വാനം ചെയ്തു. ഓരോരുത്തര്ക്കും അവരുടെ അവധി എത്തുന്നത് വരെ അല്ലാഹു സമയം നല്‍കിയിട്ടുണ്ട്. അത് മനസ്സിലാക്കി ജീവിതം ക്രമപ്പെടുത്താന്‍ തയ്യറാവണം. അക്രമകാരികള്‍ക്ക് മരണാനന്തരം കടുത്ത ശിക്ഷയാണ് അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നത്. അവര്‍ ഈ ലോകത്ത് ചെയ്ത് കൂട്ടുന്ന തിന്മകള്‍ തീരാ നഷ്ടത്തിനാണ് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ പ്രസിഡന്റ് ബഷീര്‍ കുപ്പോടന്‍ അധ്യക്ഷത വഹിച്ചു. യാസര്‍ അല്‍ ഹികമി, സെക്രട്ടറി റിയാസ് ചൂരിയോട്, യൂസഫ് കൊല്ലം, അബ്ദുല്‍ മജീദ് ചെന്ത്രാപ്പിനി, ഫതഹുദ്ധീന്‍ കൊല്ലം, അബ്ദുല്ല വടകര, നബീല്‍ പയ്യോളി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. യാസര്‍ അറഫാത്ത്, നൗഷാദ് അരീക്കോട്, ശിഹാബ് അലി, സുഹാദ് ബേപ്പൂര്‍, ഉബൈദ് കണ്ണൂര്‍, അബ്ദുല്‍ വഹാബ്, ഉബൈദ് തച്ചംപാറ, അജ്മല്‍ കള്ളിയന്‍, ഷഫീക്ക് പയ്യന്നൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top