Sauditimesonline

eva female ed
ആലപ്പുഴ കൂട്ടായ്മ: ആന്റണി വിക്ടറും നൗമിതയും നയിക്കും

‘ആത്മവിശ്വാസത്തിന് ആരോഗ്യമുളള മനസ്സ് ആവശ്യം’

റിയാദ്: ആത്മാഭിമാനവും ആത്മവിശ്വാസവും ആര്‍ജ്ജിച്ചെടുത്താല്‍ മാത്രമേ ജീവിതം കൂടുതല്‍ ആരോഗ്യകരമാക്കാന്‍ കഴിയുകയുളളൂവെന്ന് സൈക്കോളജിസ്റ്റും ലൈഫ് കോച്ചുമായ സുഷ്മ ഷാന്‍ പറഞ്ഞു. ഇതിനു ആരോഗ്യമുളള മനസ്സും ആവശ്യമുളള ശീലങ്ങളും വളര്‍ത്തിയെടുക്കണം. ഇതു സമൂഹവുമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന സുപ്രധാന ഘടകങ്ങളാണെന്നും അവര്‍ പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) സംഘടിപ്പിച്ച ‘ആരോഗ്യം: മനസ്സ്-ശരീരം-സമൂഹം’ ബോധവത്ക്കരണ പരിപാടിയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍.

പ്രമേഹം, മൈഗ്രേന്‍, ആര്‍ത്രൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ മനസ്സുമായി ബന്ധപ്പെട്ടതാണെന്ന് അംഗീകരിക്കാറില്ല. എന്നാല്‍ ഇതുള്‍പ്പെടെ പല രോഗങ്ങള്‍ക്കും മാനസികാരോഗ്യം കാരണമാകുന്നുണ്ടെന്നു ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരേ സമയം കോവിഡ് പിടിപെട്ട പത്തുപേര്‍ക്ക് പല തരത്തില്‍ രോഗം പ്രതിഫലിക്കാന്‍ കാരണമെന്നും സുഷ്മ ഷാന്‍ പറഞ്ഞു.

പരിപാടി അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക്കിലെ ഡോ. തസ്‌ലിം ആരിഫ് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ജീവിത ശൈലിയും സ്വയം ചികിത്സയുമാണ് പ്രമേഹം ഉള്‍പ്പെടെയുളള രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ അധ്യക്ഷത വഹിച്ചു.

ഹെല്‍ത്തി സലാഡ് തയ്യാറാക്കുന്ന വിധം ഷാദിയ ഷാജഹാന്‍ വിവരിച്ചു. ദൈനംദിന ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ലളിത വ്യായാമങ്ങളുടെ പ്രകടനം ഫിറ്റ്‌നസ്സ് ട്രെയ്‌നര്‍ ഷാനവാസ് ഹാരിസ് അവതരിപ്പിച്ചു. മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ വ്യായാമം സഹായിച്ചതിന്റെ അനുഭവം സിറ്റി ഫഌവര്‍ ഡയറക്ടര്‍ ഇകെ റഹിം പങ്കുവെച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ബത്ഹയിലെ എക്‌സ്ട്രീം ഫിറ്റ്‌നസ്സ് സെന്റര്‍ 10 ദിവസം സൗജന്യ പരിശീലനം നല്‍കും. ഇതിനുപുറമെ തെരഞ്ഞെടുത്ത നാലു പേര്‍ക്ക് സൗജന്യ അംഗത്വം സമ്മാനവും നല്‍കി.

രക്ഷാധികാരി നജിം കൊച്ചുകലുങ്ക് ആശംസകള്‍ നേര്‍ന്നു. വെല്‍ഫെയര്‍ കണ്‍വീനര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ആമൂഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജന. സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും സെക്രട്ടറി നാദിര്‍ഷാ റഹ്മാന്‍ നന്ദിയും പറഞ്ഞു. ജലീല്‍ ആലപ്പുഴ, ഷിബു ഉസ്മാന്‍, സുലൈമാന്‍ ഊരകം, മുജീബ് താഴത്തേതില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top