
റിയാദ്: എല്ലാ അര്‍ത്ഥത്തിലും ആഗോളവത്ക്കരിക്കപ്പെട്ട രോഗണു എന്ന നിലയിലാണ് കൊവിഡിനെ കാണാന്‍ കഴിയുന്നതെന്ന് മാധ്യമപ്രവര്‍ത്തകനും സാമൂഹിക നിരീക്ഷകനുമായ ഷാജഹാന്‍ മാടമ്പാട്ട്. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ‘കൊവിഡ്: പ്രതിസന്ധിയും പ്രതീക്ഷയും’ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവത്ക്കരണത്തെ തുടര്‍ന്ന് ലോകത്ത് തീവ്ര വലതുപക്ഷ ചിന്താഗതി ശക്തിപ്രാപിക്കുകയാണ്. അതുകൊണ്ടുതന്നെ വംശീയ സംഘര്‍ഷങ്ങളും വര്‍ഗീയ ധ്രുവീകരണളും വര്‍ധിക്കുന്നു. ഇത്തരം ആശങ്കകള്‍ക്കിടയിലാണ് ആഗോളവത്കൃത രോഗാണു പ്രത്യക്ഷപ്പെട്ടത്. ഇതോടെ സാംസ്‌കാരികവും ദേശീയവും ഭാഷാപരവുമായ വൈവിധ്യങ്ങളെ ഇല്ലാതാക്കി ലോകത്ത് ഏകതാനത സൃഷ്ടിക്കപ്പെട്ടു. ഇത് ആഗോളവത്ക്കരണത്തിന്റെ രസകരമായ വിപരീതാവസ്ഥയാണെന്ന് ഷാജഹാന്‍ മാടമ്പാട്ട്പറഞ്ഞു.

മഹാമാരിയുടെ കാലത്ത് ആഗോള തലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകള്‍ നിശ്ചിലമായി. ഇത് സാമ്പത്തിക മാന്ദ്യമല്ല. മറിച്ച് സാമ്പത്തിക പക്ഷാഘാതം ആണ്. കേരളം പ്രവാസി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കള്‍ക്ക് ഗള്‍ഫ് മലയാളികളുടെ പണം മാത്രമാണ് ആവശ്യം. രാഷ്ട്രീയ നേതൃത്വത്തോട് പ്രവാസികള്‍ക്കുളള വിധേയത്വം മാറണമെന്നും വെബിനാര്‍ അഭിപ്രായപ്പെട്ടു.
ഗള്‍ഫ് തൊഴില്‍ വിപണിയുടെ ഭാവി, കൊവിഡും സാമൂഹിക, സാസ്‌കാരിക മാറ്റങ്ങളും, ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യം; കേരളത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ എന്നീ വിഷയങ്ങളാണ് വെബിനാര്‍ ചര്‍ച്ച ചെയ്തത്.
യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കോവിഡ് കാലം പ്രവാസികളെ പഠിപ്പിച്ചുവെന്ന് എം സി എ നാസര്‍ (ദുബായ്) പറഞ്ഞു. ഇന്നലെവരെയുളള പ്രവാസം ഇനി ഉണ്ടാവില്ല. ഈ തിരിച്ചറിവ് പ്രവാസികള്‍ക്ക് ഉണ്ടാവണം. ആഡംബരം ഒഴിവാക്കണം. വരുമാനവും ചെലവും ക്രമീകരിക്കാന്‍ പ്രവാസി കുടുംബങ്ങള്‍ ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികള്‍ പ്രവാസികള്‍ മറികടന്നിട്ടുണ്ട്. കോവിഡ് പ്രത്യാഘാതങ്ങളും മറികടക്കുമെന്ന് മുസാഫിര്‍ (ജിദ്ദ) പറഞ്ഞു. സൗദിയിലെ സവിശേഷ സാഹചര്യങ്ങള്‍ അതിലേക്കാണ് സൂചനനല്‍കുന്നത്. സാമ്പ്രാദായിക സങ്കല്‍പ്പങ്ങളെ അടിമുടി അഴിച്ചു പണിയേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാറുന്ന തൊഴില്‍ സാഹചര്യത്തിനനുസരിച്ച് തൊഴില്‍ നൈപുണ്യം കൈവരിച്ചാല്‍ മാത്രമേ തൊഴില്‍ വിപണിയില്‍ നിലനില്‍ക്കാന്‍ കഴിയുകയുളളുവെന്ന് അനസ് യാസീന്‍ (ബഹ്‌റൈന്‍) പറഞ്ഞു.
നസറുദ്ദീന്‍ വി ജെ മോഡറേറ്ററായിരുന്നു. റിംഫ് പ്രസിഡന്റ് സുലൈമാന്‍ ഊരകം, ജനറല്‍ സെക്രട്ടറി നൗഷാദ് കോര്‍മത്ത്, ഈവന്റ് കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ സംസാരിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, അഷ്‌റഫ് വേങ്ങാട്ട്, ഡോ മുബാറക് സാനി, അഷ്‌റഫ് വടക്കേവിള, മൈമൂന അബ്ബാസ്, ഡോ ജയചന്ദ്രന്‍, നാസര്‍ കാരന്തൂര്‍, കനകലാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
