ഫലസ്തീന്‍ ജനതക്ക് സഹായം; കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ മേധാവി ഡോ. റബീഅ അല്‍ അരീഷില്‍

റിയാദ്: പലസ്തീന്‍ ജനങ്ങള്‍ക്കുളള സഹായ വിതരണം വിലയിരുത്താന്‍ റിയാദ് കിങ് സല്‍മാന്‍ റിലീഫ് സെന്റര്‍ മേധാവി ഡോ. അബ്ദുല്ല അല്‍റബീഅ ഈജിപ്തിലെ അല്‍അരീഷിലെത്തി. സൗദിയില്‍നിന്നുളള സഹായങ്ങള്‍ റഫ അതിര്‍ത്തിയിലേക്കും അവിടെന്ന് ഗാസയിലേക്കും അയക്കുന്ന നടപടികളും നേരിട്ട് വിലയിരുത്താനാണ് ഡോ. റബീഅ ഈജിപ്തില്‍ എത്തിയത്.

വെയര്‍ഹൗസുകള്‍ സന്ദര്‍ശിക്കുകയും സൗദി ദുരിതാശ്വാസ വാഹനവ്യൂഹങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. സഹായ വിതരണത്തിന്‌നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തി. റഫ അതിര്‍ത്തി സന്ദര്‍ശിച്ച അദ്ദേഹം ക്രമീകരണങ്ങളും ദുരിതാശ്വാസ വാഹനങ്ങളുടെ ഗതാഗതം, പുരോഗതി എന്നിവ വിലയിരുത്തി.

സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി പിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാെന്റയും നിര്‍ദേശ പ്രകാരം കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം മെഡിക്കല്‍, ഭക്ഷണം, പാര്‍പ്പിട സാമഗ്രികള്‍, ആംബുലന്‍സുകള്‍ എന്നിങ്ങനെ ടണ്‍കണക്കിന് വസ്തുക്കള്‍ 15 വിമാനങ്ങളിലായി അല്‍ അരീഷ് വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്. ഇത് കാര്യക്ഷമമായി വിതരണം ചെയ്യുന്നുണ്ടെന്ന് ് ഡോ. റബീഅ പറഞ്ഞു.

ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തുനിന്ന് ഈജിപ്തിലെ സെയ്ദ് തുറമുഖത്തേക്ക് 1050 ടണ്‍ വസ്തുക്കളുമായി ദുരിതാശ്വാസ കപ്പലും അയച്ചു. ഇവയെല്ലാം വരുംദിവസങ്ങളില്‍ ഗസ്സയിലെ ജനങ്ങള്‍ക്ക് എത്തിക്കും. രണ്ടാമത്തെ കപ്പല്‍ ഇന്നു പുറപ്പെട്ടു. മൂന്നാമത്തെ കപ്പല്‍ ചൊവ്വാഴ്ച പുറപ്പെടുമെന്നും ഡോ. റബീഅ പറഞ്ഞു.

 

Leave a Reply