Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

2.4 കോടി ധനസഹായം വിതരണം ചെയ്ത് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി

പത്ത് ലക്ഷം രൂപയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വിജയകരമായ അഞ്ചാം വര്‍ഷത്തിലേക്ക്

റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന പത്ത് ലക്ഷം രൂപയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വിജയകരമായ അഞ്ചാം വര്‍ഷത്തിലേക്ക്. അഞ്ചാം ഘട്ട അംഗത്വ കാമ്പയിന്റെ ഉദ്ഘാടനം കെഎംസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ നിര്‍വഹിച്ചു. മുഹമ്മദ് ചേലേമ്പ്ര അപേക്ഷാ ഫോം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പയ്യന്നൂര്‍ അധ്യക്ഷനായിരുന്നു.

നാല് വര്‍ഷ കാലയളവിനിടയില്‍ കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ 24 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇവരുടെ ആശ്രിതര്‍ക്ക് രണ്ട് കോടി നാല്പത് ലക്ഷം രൂപ വിതരണം ചെയ്തു. കൂടാതെ 12 ലക്ഷം രൂപ ചികിത്സാ സഹായമായും നല്‍കി. രണ്ടാഴ്ച മുമ്പ് കോഴിക്കോട് നടന്ന പരിപാടിയില്‍ നാലാം ഘട്ട പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച ഏഴ് പേരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ചികിത്സാ സഹായവുമടക്കം 75 ലക്ഷം രൂപയുടെ ധന സഹായം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തിരുന്നു. അതാത് സമയങ്ങളില്‍ തന്നെ പദ്ധതി വിഹിതം അര്‍ഹരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊതുവെ കണ്ടു വരുന്ന നൂലാമാലകളൊന്നുമില്ലാതെ വളരെ ലളിതമായിട്ടാണ് സഹായം അര്‍ഹരായ കുടുംബങ്ങളിലേക്കെത്തിക്കുന്നത്.

2019ലാണ് സെന്‍ട്രല്‍ കമ്മിറ്റി പ്രവാസി കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയാണ് ഇത് വഴി നല്‍കി വരുന്നത്. ഇതാദ്യമായാണ് ഇത്രയും വലിയ തുക പ്രഖ്യാപിക്കപ്പെട്ട ഒരു പദ്ധതി പ്രവാസ ലോകത്ത് നടപ്പിലാവുന്നത്. അത് കൊണ്ട് തന്നെ പൊതു സമൂഹത്തില്‍ നിന്നും തുടക്കത്തില്‍ തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വര്‍ഷം തോറും പദ്ധതിയില്‍ ഭാഗമാവുന്ന പ്രവാസികളുടെ എണ്ണം കൂടി വന്നു. റിയാദിലുള്ള പ്രവാസികളായ ആര്‍ക്കും മത, കക്ഷി, രാഷ്ട്രീയ ഭേദമന്യേ പദ്ധതിയില്‍ അംഗമാവാന്‍ കഴിയുമെന്നത് ഇതിന്റെ പൊതു സ്വീകാര്യതക്ക് ആക്കം കൂട്ടി.

കുടുംബ നാഥന്റെ വിയോഗത്തെ തുടര്‍ന്ന് വേദന കടിച്ചമര്‍ത്തി കഴിയുന്ന പ്രവാസി കുടുംബങ്ങളില്‍ പലരും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പദ്ധതി വിഹിതവുമായി വീട്ടിലെത്തുന്ന സംഘടനാ ഭാരവാഹികള്‍ക്ക് അതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മകളുടെ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിലേക്ക് ഈ സഹായമെത്തിയപ്പോഴുണ്ടായ സന്ദര്‍ഭം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനിടയില്‍ കുടുംബത്തിന് സ്വസ്ഥമായി തല ചായ്ക്കാന്‍ ഒരു വീടോ, യാതൊരു വിധ നീക്കിയിരിപ്പോ ഇല്ലാത്തവരും അതിനപ്പുറം ലക്ഷങ്ങള്‍ ബാധ്യതയുള്ളവരുമായ നിരവധി പ്രവാസികളാണ് നമുക്കിടയിലുള്ളത്. എന്നാല്‍ മറ്റുള്ളവര്‍ പ്രയാസപ്പെടുമ്പോള്‍ അവരുടെ കണ്ണീരൊപ്പാന്‍ ഇവരില്‍ പലരും മുന്‍പന്തിയില്‍ തന്നെയുണ്ടാവാറുമുണ്ട്. ഇത്തരം പ്രവാസികള്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ ആ കടുംബം നിത്യ ദുരിതത്തിലേക്കാണ് നയിക്കപ്പെടുന്നത്. അവിടെയാണ് കെഎംസിസിയുടെ ഈ കാരുണ്യ പദ്ധതി ആ കുടുംബത്തിന് തണലായി മാറുന്നത്.

പ്രവാസ ലോകത്ത് ജീവ കാരുണ്യ പ്രവത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കെഎംസിസി ഘടകമാണ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. കഴിഞ്ഞ ആറ് വര്‍ഷക്കാലയളവില്‍ പ്രസിഡന്റ് സി പി മുസ്തഫയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ പ്രവര്‍ത്തങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കോവിഡ് കാലത്ത് നടത്തിയ ചികിത്സാ സഹായങ്ങളും, ഭക്ഷ്യ, മരുന്ന് വിതരണവും കൗണ്‍സിലിംഗും ആയിരങ്ങള്‍ക്കാണ് ആശ്വാസമായത്. ഒരു കൂട്ടം പ്രവര്‍ത്തകര്‍ രാവും പകലുമില്ലാതെ നടത്തിയ ‘കോവിഡ് മിഷന്‍’ പ്രവര്‍ത്തനം വഴി നിരവധിയാളുകള്‍ക്ക് തക്ക സമയത്ത് ചികിത്സ ലഭ്യമാക്കാനും രക്ഷിക്കാനുമായി. സദാ സേവന സന്നദ്ധരായ പ്രവര്‍ത്തകരും ആംബുലന്‍സ് സംവിധാനവും അന്ന് കെഎംസിസിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരുന്നു.

സൗജന്യമായും കുറഞ്ഞ നിരക്കിലും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസും ആ ദുരിത കാലത്ത് കമ്മിറ്റി ഒരുക്കിയിരുന്നു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം മറവ് ചെയ്യുന്നതിന് സധൈര്യം മുന്നോട്ട് വന്ന സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് നൂറുക്കണക്കിനാളുകളുടെ മയ്യിത്തുകളാണ് മറമാടിയത്. ഇന്നും ഒരു കൂട്ടം കെഎംസിസി പ്രവര്‍ത്തകര്‍ മത, ദേശ, ഭാഷാ വേര്‍തിരിവില്ലതെ ഈ പ്രവര്‍ത്തങ്ങളില്‍ വ്യാപൃതരാണ്. കേരളത്തില്‍ ഉടനീളമുള്ള സി എച്ച് സെന്ററുകളെ സഹായിക്കാന്‍ റമദാനില്‍ ഏകീകൃത ഫണ്ട് സമാഹരണം വഴി ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് റിയാദ് കെഎംസിസി വര്‍ഷങ്ങളായി നല്‍കി വരുന്നത്.

റിയാദിലെ സാമൂഹ്യ, സാംസ്‌കാരിക, കലാ, കായിക, വിനോദ, വിജ്ഞാന, നിയമ മേഖലകളിലെല്ലാം അദ്വിതീയമായ സാന്നിധ്യമറിയിച്ച റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ നാട്ടില്‍ കോടിക്കണക്കിന് രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. സുരക്ഷാ പദ്ധതിയില്‍ തുടര്‍ച്ചയായി അംഗത്വമെടുക്കുന്നവരില്‍ അര്‍ഹരായ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് അടക്കം വിവിധ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടക്കം കുറിക്കും. അതെ സമയം നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയിലും റിയാദില്‍ നിന്ന് വര്‍ഷം തോറും പതിനായിരത്തിന് മുകളില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവാസിയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങുംതണലുമായി പ്രവര്‍ത്തിക്കുന്ന റിയാദ് കെഎംസിസിയുടെ സുരക്ഷാ പദ്ധതിയില്‍ അംഗംഗത്വമെടുക്കുന്നവരുടെ എണ്ണം ഇത്തവണ ഇരട്ടിയാവുമെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ യു പി മുസ്തഫ, മുജീബ് ഉപ്പട, അബ്ദുറഹ്മാന്‍ ഫറോക്ക്, റസാഖ് വളക്കൈ, അക്ബര്‍ വേങ്ങാട്ട് കൂടാതെ ജില്ലാ, മണ്ഡലം, ഏരിയാ ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി കബീര്‍ വൈലത്തൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ബാവ താനൂര്‍ നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top