റിയാദ്: കുടുംബ നാഥന്റെ വിയോഗം സൃഷ്ടിക്കുന്ന പ്രതിസന്ധിയില്‍ കരുതലിന്റെ കരുത്തായി മാറുകയാണ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സുരക്ഷാ പദ്ധതി. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ 10 ലക്ഷം റിയാല്‍ സഹായം നല്‍കുന്ന പദ്ധതി പ്രവാസി കൂട്ടായ്മകള്‍ക്കിടയിലെ ഏറ്റവും മികച്ച മാനവിക പദ്ധതികളിലൊന്നാണ്.
പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച മൂന്ന് പേരുടെ ആശ്രിതര്‍ക്കു പത്ത് ലക്ഷം രൂപ വീതം അനുകൂല്യം വിതരണം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് നടന്ന ചടങ്ങിലാണ് സഹായം വിതരണം ചെയ്തത്. കൂടാതെ ചികിത്സാ സഹായമായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും കൈമാറി.
അപ്രതീക്ഷിതമായി കടന്നെത്തുന്ന മരണത്തോടെ കുടുംബത്തെ സാന്ത്വനിപ്പിക്കാന്‍ പദ്ധതിയില്‍ അംഗമാവുക വഴി നമുക്കാകുമെങ്കില്‍ അതില്‍ പരം പുണ്യം മറ്റൊന്നില്ല. ഇപ്പോള്‍ നടന്ന് വരുന്ന അഞ്ചാം ഘട്ട അംഗത്വ കാമ്പയിന്‍ വിജയിപ്പിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.
നാല് വര്‍ഷമായി തുടരുന്ന സെന്‍ട്രല്‍ കമ്മിറ്റിയുടെ പദ്ധതിയില്‍ 2022-23 കാലയളവില്‍ അംഗമായിരിക്കെ രമിച്ച മലപ്പുറം, പൊന്നാനി, കണ്ണൂര്‍ സ്വദേശികളുടെ ആശ്രിതര്‍ക്കാണ് മുപ്പത് ലക്ഷം രൂപ നല്‍കിയത്. ജൂണില്‍ പദ്ധതി കാലയളവില്‍ രമിച്ച ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക് എഴുപത് ലക്ഷം രൂപ നേരത്തെ വിതരണം ചെയ്തിരുന്നു. അന്ന് ചികിത്സാ സഹായമായി അഞ്ചു ലക്ഷവും വിതരണം ചെയതു.
കെഎംസിസി ഘടകങ്ങള്‍ നടത്തുന്ന സുരക്ഷാ പദ്ധതികളില്‍ ഏറ്റവും വലിയ തുക റിയാദ് കെഎംസിസിയുടേത്. ഇപ്പോള്‍ അഞ്ചാം ഘട്ട പ്രചാരണ കാമ്പയിന്‍ നടന്നു വരികയാണ്. സെപ്തംബര്‍ 30ന് കാമ്പയിന്‍ അവസാനിക്കും. മികച്ച പ്രതികരണമാണ് പദ്ധതിക്ക് പൊതു സമൂഹത്തില്‍ നിന്നു ലഭിക്കുന്നതെന്ന് സി പി മുസ്തഫ പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കള്‍ക്ക് പുറമെ റിയാദ് കെഎംസിസി നേതാക്കളായ മൊയ്തീന്‍ കോയ കല്ലമ്പാറ, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, മാമുക്കോയ ഒറ്റപ്പാലം, എ യു സിദ്ധീഖ്, സമദ് സീമാടന്‍, റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍, സമദ് പെരുമുഖം, മെഹബൂബ് ചെറിയവളപ്പ്, മജീദ് പരപ്പനങ്ങാടി, ജാബിര്‍ ബിന്‍ അസീസ്, നാസര്‍ കോഡൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
