
റിയാദ്: മൂന്നു പതിറ്റാണ്ടിലേറെയായി റിയാദിലെ ഫുട്‌ബോള്‍ മത്സര വേദികളില്‍ നിറസാന്നിധ്യമായ സംഗമം സോക്കര്‍ മുപ്പത്തിയൊന്നാം മത്സരങ്ങള്‍ ഇന്ന് തിരിതെളിയും. ദിറാബ് ദുറത് മലാബ് സ്‌റ്റേഡിയത്തിലാണ് മത്സരം. പ്രഫഷണല്‍ രീതിയില്‍ ഫുട്ബാള്‍ മാമാങ്കം സംഘടിപ്പിക്കുന്ന സംഗമം കള്‍ച്ചറല്‍ സൊസൈറ്റി റിയാദിലെ മറ്റു ഫുട്ബാള്‍ മത്സരങ്ങള്‍ക്കു മാതൃകയാണ്. ഉദ്ഘാടന വേദിയില്‍ ടീമുകളും സംഗമം കുരുന്നുകളും അണിനിരക്കുന്ന വര്‍ണ്ണ ശബളമായ മാര്‍ച്ച് പാസ്റ്റ് അരങ്ങേറും.

കിക്കേഴ്‌സ് എഫ് സി റിയാദ് – പയനിയേഴ്‌സ്, എല്‍ ഫിയാഗോ എഫ്‌സി – തെക്കേപ്പുറം ഫാല്‍കണ്‍ തമ്മിലാണ് ആദ്യ ദിന മത്സരം. വൈകീട്ട് നാലു മുതല്‍ എട്ടു വരെയാണ് മത്സരങ്ങള്‍. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളുടെയും ജേഴ്‌സി പ്രകാശനം നടന്നു. കളിക്കാര്‍, സപ്പോര്‍ട്ടേഴ്‌സ്, കുടുംബങ്ങള്‍ എന്നിവര്‍ ഒത്തു കൂടിയായിരുന്നു പ്രകാശനം. കഴിഞ്ഞമാസം കളിക്കാരുടെ പ്രതീകാത്മക ലേലം വിളിയോടെയാണ് ഫുട്‌ബോള്‍ മേളയ്ക്കു തുടക്കമായത്.

സംഗമം കുടുംബിനികളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന മേളയില്‍ അണിനിരക്കു. നാലു ആഴ്ചകളില്‍ ലീഗ് മത്സരങ്ങളും രണ്ടാം ആഴ്ചയിലും മൂന്നാം ആഴ്ചയിലും സംഗമം ജൂനിയര്‍ ഫുട്ബാള്‍ മത്സരങ്ങളും അരങ്ങേറും. സംഗമം ലെജന്‍ഡ് ഫുട്ബാള്‍ മത്സരങ്ങള്‍ സബ് ജൂനിയര്‍ ആന്റ് കിഡ്‌സ് ഫുട്ബാള്‍ മത്സരങ്ങളും വരും ആഴ്ചകളില്‍അരങ്ങേറും.





