Sauditimesonline

eva female ed
ആലപ്പുഴ കൂട്ടായ്മ: ആന്റണി വിക്ടറും നൗമിതയും നയിക്കും

രസിപ്പിക്കും മദിപ്പിക്കും അതിശയിപ്പിക്കും; അതാണ് റിയാദ് സീസണ്‍

സൗദി തലസ്ഥാന നഗരി ഉത്സവ ലഹരിയിലാണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിച്ച റിയാദ് സീസണ്‍ കൂടുതല്‍ ആവേശകരമായി മുന്നേറുന്നു. രാജ്യാന്തര കലാ പരിപാടികളും ആശ്ചര്യപ്പെടുത്തുന്ന അനുഭവങ്ങളുമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. സംസ്‌കാരിക വൈവിധ്യം വിളംബരം ചെയ്യുന്ന കാഴ്ചകള്‍, ദേശ ഭാഷാ പ്രായഭേദമന്യേ ആസ്വാദകരുടെ മനം കവരുന്ന വിനോദ പരിപാടികള്‍, രസിപ്പിക്കുകയും മദിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന സാഹസിക കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് റിയാദ് സീസണ്‍.

ആറു മാസം നീണ്ടു നില്‍ക്കുന്ന റിയാദ് സീസണ്‍ നഗരത്തിലെ 14 സോണുകളിലാണ് അരങ്ങേറുന്നത്. ശിശിരകാല വിനോദ പരിപാടിയായി 2019ല്‍ ആരംഭിച്ച റിയാദ് സീസണിന്റെ അഞ്ചാം എഡിഷനാണിത്. ഓരോ വര്‍ഷവും പുതുമകളും വൈവിധ്യങ്ങളും അവതരിപ്പിച്ചതോടെ പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുളള സാംസ്‌കാരികോത്സവമായി റിയാദ് സീസണ്‍ മാറി. മാത്രമല്ല, ലോകത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ കാലം അരങ്ങേറുന്ന വിനോദ പരിപാടികളില്‍ പ്രമുഖ സ്ഥാനവും റിയാദ് സീസണ്‍ നേടി.

ആഘോഷ വേദികളിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന് റിയാദ് ബോളിവാര്‍ഡ് ആണ്. പ്രിന്‍സ് തുര്‍ക്കി അല്‍അവ്വല്‍ റോഡില്‍ 220 ഏക്കര്‍ വിസ്തൃതില്‍ റിയാദ് സീസണിന്റെ ഭാഗമായി വികസിപ്പിച്ച പ്രദേശമാണിത്. രാജ്യാന്തര റസ്റ്ററന്റ് ശൃംഖലകള്‍, വിനോദ പരിപാടികള്‍ എന്നിവ മാത്രമാണ് റിയാദ് സീസണിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൂടുതല്‍ സന്ദര്‍ശകരെത്തിയതോടെ വിപുലമായ സൗകര്യങ്ങളും വിനോദ, കായിക മത്സര പരിപാടികള്‍ക്കും ഇവിടെ സൗകര്യം ഒരുക്കി.

ബോളിവാര്‍ഡില്‍ ഈ വര്‍ഷമാണ് റണ്‍വേ എന്ന പേരില്‍ വിമാനത്താവളം പ്രമേയമാക്കി കൗതുകമുണര്‍ത്തുന്ന വിശാലമായ പ്രദേശം വികസിപ്പിച്ചത്. ഇവിടെ മൂന്ന് ബോയിംഗ് 777 വിമാനങ്ങളും അതി വിശാലമായ റണ്‍വേയുമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. സൗദി എയര്‍ലൈന്‍സിന്റെ പഴയ വിമാനങ്ങള്‍ റസ്റ്ററന്റുകളാക്കി മാറ്റി. എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടമുളള വിനോദങ്ങളിലും കളികളിലും ഏര്‍പ്പെടാനുളള സൗകര്യം, വിമാനം, കണ്‍ട്രോള്‍ ടവര്‍, റണ്‍വേ എന്നിവിടങ്ങളിലിരുന്ന് ഭക്ഷ്യ വിഭവങ്ങള്‍ നുകരാനും സല്ലപിക്കാനുമുളള അവസരം, കോക്പിറ്റിലിരിക്കാനും പൈലറ്റിന്റെ വസ്ത്രമണിഞ്ഞ് ക്യാപ്റ്റനായി ഫോട്ടോ പകര്‍ത്താനുളള സൗകര്യങ്ങളും സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്ന അനുഭവങ്ങളാണ്.

വിദേശികള്‍ ഉള്‍പ്പെടെ സന്ദര്‍ശകര്‍ ധാരാളം എത്തുന്ന മറ്റൊരു കേന്ദ്രമാണ് ദിരിയ്യ. 1727 മുതല്‍ 1818 വരെ സൗദ് രാജവംശത്തിന്റെ തലസ്ഥാനം റിയാദിനോട് ചേര്‍ന്ന് കിടക്കുന്ന ദിരിയ്യ പട്ടണമാണ്. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ ഇവിടെ അറബ് നാഗരികത വിളംബരം ചെയ്യുന്ന നിരവധി അടയാളപ്പെടുത്തലുകള്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ദിരിയ്യ സീസണ്‍ എന്ന പേരില്‍ പ്രത്യേക കലാ, സാംസ്‌കാരിക ആഘോഷങ്ങളും ഒരുക്കിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ കൃത്രിമ തടാകം റിയാദ് സീസണ്‍ സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാണ്. തടാകത്തില്‍ മുങ്ങിക്കപ്പല്‍ യാത്ര ആസ്വദിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കോംപാറ്റ് വില്ലേജ്, സൂപ്പര്‍ ഹീറോ വില്ലേജ് എന്നിവ കൗതുകം ഉണര്‍ത്തുന്ന അനുഭവങ്ങളും സന്ദര്‍ശകര്‍ക്ക് സമ്മാനിക്കും. റിയാദ് ബോളിവാര്‍ഡില്‍ നിന്ന് സമീപത്തെ ബോളിവാര്‍ഡ് ആഘോഷ വേദിയിലേക്ക് റോപ്‌വേയിലും സഞ്ചരിക്കാം.

വിവിധ ആഘോഷ പരിപാടികള്‍ക്ക് വേദിയൊരുക്കുന്ന ബോളിവാര്‍ഡിലെ വിശാലമായ ഫുഡ് കോര്‍ട്ടിനോട് ചേര്‍ന്നുളള വേദിയില്‍ വിവിധ കലാപരിപാടികളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. അറബി ഭാഷക്ക് പുറമെ ലോകോത്തര നാടകങ്ങളും അരങ്ങേറും. വിന്റര്‍ വണ്ടര്‍ലാന്റ് പ്രദേശത്ത്പുതിയ ഗെയിമുകള്‍ ഏര്‍പ്പെടുത്തി കൂടുതല്‍ ആകര്‍ഷകമാക്കി. റിയാദ് മുറബ്ബയില്‍ പത്തിലധികം രാജ്യാന്തര റെസ്‌റ്റോറന്റുകളാണ് പുതുതായയി പ്രവര്‍ത്തനം ആരംഭിച്ചത്. ഭക്ഷ്യ വിഭവങ്ങള്‍, ശീതള പാനീയങ്ങള്‍, വൈവിദ്യമാര്‍ന്ന കോഫി രുചിക്കൂട്ടുകള്‍ എന്നിവക്കായി വിപുലമായ സൗകര്യവും ഇവിടുത്തെ പ്രത്യേകതയാണ്.

സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ റിയാദ് സൂ എന്ന പേരില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ മൃഗശാലയില്‍ 190 ഇനങ്ങളിലായി 1300 മൃഗങ്ങളെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ ലിറ്റില്‍ റിയാദ്, ദി ഗ്രോവ്‌സ് എന്നിവിടങ്ങളില്‍ അവിസ്മരണീയ വിസ്മയ കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

രാജ്യത്തിന്റെ സ്വത്വം പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത വിപണികള്‍, ആദ്യത്തെ മാന്ത്രിക ഉദ്യാനം എന്നു വിശേഷിപ്പിക്കുന്ന വണ്ടര്‍ ഗാര്‍ഡന്‍, ‘1001 സീസണ്‍സ് ഓഫ് എലി സാബ്’ എന്ന പേരില്‍ ഫാഷന്‍ ഷോ, ലോക ചാമ്പ്യന്‍ഷിപ്പുകളും ലോക പോപ്പ് താരങ്ങളുടെ കച്ചേരികള്‍ക്കും ഇടം ഒരുക്കുന്ന കിംഗ്ഡം അരീന, ആഡംബര ഷോപ്പിംഗ് മാളും സിനിമാ തീയറ്ററും ലോകോത്തര ബ്രാന്റുകളും സംഗമിക്കുന്ന വിഐഎ റിയാദ്, അന അറേബ്യ എന്ന പേരില്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആഡംബര പ്രദര്‍ശനം, മരുഭൂ അനുഭവങ്ങളും അറബ് പൈതൃകവും അടുത്തറിയാനുളള ഡൂണ്‍സ് ഓഫ് അറേബ്യ, തിരക്കഥാ രചന, എഡിറ്റിംഗ്, ഷൂട്ടിംഗ്, ഓഡിയോ റിക്കോര്‍ഡിംഗ്, ഗ്രാഫിക്‌സ് ക്രിയേഷന്‍ തുടങ്ങി ചലച്ചിത്ര നിര്‍മ്മാണ പ്രക്രിയയിലെ മുഴുവന്‍ സാങ്കേതിക സംവിധാനങ്ങളും അടുത്തറിയാന്‍ അല്‍ ഹിസ്ന്‍ സ്റ്റുഡിയോസ് എന്നിവ റിയാദ് സീസണിന്റെ ഭാഗമാണ്.

വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കിയാണ് റിയാദ് സീസണ്‍ അണിയിച്ചൊരുക്കിയിട്ടുളളത്. ആഭ്യന്തര സഞ്ചാരികളുടെ വിദേശ യാത്ര നിരൂത്സാപ്പെടുത്തി റിയാദിലേയ്ക്കു കേന്ദ്രീകരിക്കാന്‍ റിയാദ് സീസണ് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, വ്യക്തികള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് യാത്രകള്‍ക്കും വിനോദങ്ങള്‍ക്കുമാണ്. അത്തരത്തിലുളള മുഴുവന്‍ ജനങ്ങളെയും ആകര്‍ഷിക്കാന്‍ കഴിയുന്ന വിധമാണ് റിയാദ് സീസണിന്റെ രൂപകല്പന.

2016ല്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയാണ് സൗദി അറേബ്യയുടെ പരിഷ്‌രണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്കു കരുത്തുപകരാന്‍ റിയാദ് സീസണ്‍ ഉള്‍പ്പെടെ ടൂറിസം, എന്റര്‍ടൈന്‍മെന്റ് വ്യവസായങ്ങള്‍ക്കു കഴിയുന്നുണ്ട്. അതേസമയം, മികച്ച സമൂഹം കെട്ടിപ്പടുക്കുന്നതിന് മാനസികാരോഗ്യവും സുപ്രധാനമാണ്. അതുകൂടി പരിഗണിച്ചാണ് വിനോദ മേഖലയിലെ സൗദി അറേബ്യയുടെ നിക്ഷേപവും കരുതലും എന്നു പ്രതിഫലിപ്പിക്കുന്നതാണ് റിയാദ് സീസണ്‍ ആഘോഷങ്ങള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top