Sauditimesonline

kmcc national committee
3.75 കോടി വിതരണം ചെയ്തു സൗദി കെഎംസിസി; ആശ്വാസമായത് അലക്‌സാണ്ടര്‍, മുരളീധരന്‍, ശിവദാസന്‍, സജി എന്നിവരുടെ കുടുംബങ്ങള്‍ക്കും

വിനോദ വിരുന്നിന് വര്‍ണവെളിച്ചവും താളപ്പെരുക്കവും; റിയാദ് സീസണ്‍ കൊടിയേറി

റിയാദ്: വിനോദ വിരുന്നൊരുക്കി റിയാദ് സീസണ്‍ മൂന്നാം പതിപ്പിന്് കൊടിയേറി. ‘സ്വപ്നങ്ങള്‍ക്കും അപ്പുറം’ എന്ന പ്രമേയത്തിലാണ് ആഘോഷ പരിപാടികള്‍. രാജ്യാന്തര സര്‍ക്കസ് കമ്പനി കാനഡയിലെ ‘സെര്‍ക് ഡു സുലൈല്‍’ ഉള്‍പ്പെടെ വന്‍ അഭ്യാസ പ്രകടനങ്ങളോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. അമേരിക്ക, ഫ്രാന്‍സ്, ഗ്രീസ്, ഇന്ത്യ, ചൈന, സ്‌പെയിന്‍, ജപ്പാന്‍, മൊറോക്കൊ, മെക്‌സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളുടെ സംസ്‌കാരിക വൈവിധ്യങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. റിയാദ് ബോളിവാര്‍ഡ് ഉള്‍പ്പെടെ 15 സ്ഥലങ്ങളില്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ അരങ്ങേറുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കലാകാരന്‍മാരും സാംസ്‌കാരിക വിരുന്നും ഈ വര്‍ഷത്തെ റിയാദ് സീസണില്‍ ഉണ്ടാകും. കഴിഞ്ഞ വര്‍ഷം സല്‍മാന്‍ ഖാന്‍, ശില്പ ഷെട്ടി, പ്രഭുദേവ എന്നിവര്‍ നയിച്ച ‘ദബാംഗ്’ സംഗീതനൃത്ത ശല്പം ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധനേടിയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റസ്‌റ്റോറന്റുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിവിധ രാജ്യങ്ങളിലെ അനുഭവങ്ങള്‍ നുകരാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഓരോ രാജ്യങ്ങളിലെയും കലാ, സാംസ്‌കാരിക പൈതൃകം അടുത്തറിയാനും സൗകര്യം ഉണ്ടാകും.

റിയാദ് സീസണില്‍ പുതുതായി പരിചയപ്പെടുത്തുന്ന ലോകത്തെ ഏറ്റവും വലിയ കൃത്രിമ തടാകം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. തടാകത്തില്‍ മുങ്ങിക്കപ്പല്‍ യാത്ര ആസ്വദിക്കാനും സന്ദര്‍ശകര്‍ക്ക് സൗകര്യം ഉണ്ട്. കോംപാറ്റ് വില്ലേജ്, സൂപ്പര്‍ ഹീറോ വില്ലേജ് തുടങ്ങി കൗതുകം ഉണര്‍ത്തുന്ന അനുഭവങ്ങളും സന്ദര്‍ശകര്‍ക്ക് സമ്മാനിക്കും. റിയാദ് ബോളിവാര്‍ഡില്‍ നിന്ന് സമീപത്തെ ബോളിവാര്‍ഡ് ആഘോഷ വേദിയിലേക്ക് റോപ്‌വേയില്‍ സഞ്ചരിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. മണിക്കൂറില്‍ 3000 പേര്‍ക്ക് റോപ്‌വേ ഉപയോഗിക്കാന്‍ കഴിയും.

വിവിധ ആഘോഷ പരിപാടികള്‍ക്ക് വേദിയൊരുക്കുന്ന ബോളിവാര്‍ഡില്‍ പുതിയ 12 റെസ്‌റ്റോറന്റുകളും കോഫി ഷോപ്പുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ലോകോത്തര ഭക്ഷ്യ വിഭവങ്ങളും പാനീയങ്ങളും ആസ്വദിക്കാനുളള അവസരമാണിത്. വിശാലമായ ഫുഡ് കോര്‍ട്ടിനോട് ചേര്‍ന്നുളള വേദിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. അറബി ഭാഷക്ക് പുറമെ ലോകോത്തര നാടകങ്ങളും അരങ്ങില്‍ അവതരിപ്പിക്കും. സൗദി കലാകാരന്‍മാരുടെ നേതൃത്വത്തില്‍ ഏഴ് നാടകങ്ങളാണ് ഈ വര്‍ഷം അവതരിപ്പിക്കുക.

വിന്റര്‍ വണ്ടര്‍ലാന്റ് പ്രദേശത്ത് അഞ്ചു പുതിയ ഗെയിമുകള്‍ ഏര്‍പ്പെടുത്തി കൂടുതല്‍ ആകര്‍ഷകമാക്കി. റിയാദ് മുറബ്ബയില്‍ എട്ട് അന്താരാഷ്ട്ര റെസ്‌റ്റോറന്റുകളാണ് റിയാദ് സീസണിന്റെ ഭാഗമായി പുതുതായയി പ്രവര്‍ത്തനം ആരംഭിച്ചത്. ഭക്ഷ്യ വിഭവങ്ങള്‍, ശീതള പാനീയങ്ങള്‍, വൈവിദ്യമാര്‍ന്ന കോഫി രുചിക്കൂട്ടുകള്‍ എന്നിവക്കായി വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ റിയാദ് സൂ എന്ന് പേരില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ മൃഗശാലയില്‍ 190 ഇനങ്ങളിലായി 1300 മൃഗങ്ങളെ പ്രദര്‍ശനത്തിന് തയ്യാറാക്കി കഴിഞ്ഞു. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ ലിറ്റില്‍ റിയാദ്, ദി ഗ്രോവ്‌സ് എന്നിവിടങ്ങളില്‍ അവിസ്മരണീയ വിസ്മയ കാഴ്ചകളാണ് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഒരുക്കിയിട്ടുളളത്.

2019ല്‍ ആണ് ‘റിയാദ് സീസണ്‍’ ഒന്നാം പതിപ്പ് ആരംഭിച്ചത്. മൂന്നാഴ്ചക്കിടെ 56 ലക്ഷം സന്ദര്‍ശകര്‍ പരിപാടി ആസ്വദിക്കാന്‍ റിയാദിലെത്തി. ഇത് വലിയ പ്രചോദനമാണ് സംഘാടകരായ ജനറല്‍ എന്റെൈര്‍ന്‍മെന്റ് അതോറിറ്റിക്ക് സമ്മാനിച്ചത്.

രാജ്യത്തെ 280 കമ്പനികളും 24,000 സീസണല്‍ ജീവനക്കാരും 22000 പാര്‍ട് ടൈം ജീവനക്കാരുമാണ് പ്രഥമ റിയാദ് സീസണിന്റെ ഭാഗമായത്. റിയാദ് സീസണിന്റെ ആദ്യ മൂന്ന് ആഴ്ചയില്‍ മാത്രം 2 ലക്ഷം ഏ ടി എം കാര്‍ഡുകളില്‍ നിന്നായി 3.33 ലക്ഷം പണമിടപാടുകള്‍ നടത്തിയതായി സൗദി പെയ്‌മെന്റ് നെറ്റ്‌വര്‍ക്കായ മദയും വ്യക്തമാക്കിയിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ റിയാദ് സീസണ് കഴിഞ്ഞു.

കോവിഡിനെ തുടര്‍ന്ന് റിയാദ് സീസണിന്റെ രണ്ടാം സീസണ്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിച്ച് ഈ വര്‍ഷം ഫെബ്രുവരിയിലാണ് അവസാനിച്ചത്. 7500 വിനോദ പരിപാടികളില്‍ ഒരു കോടിയിലധികം സന്ദര്‍ശകരാണ് റിയാദ് സീസണിന്റെ രണ്ടാം എഡിഷന്‍ ആസ്വദിക്കാന്‍ എത്തിയത്.

വിനേദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ആഭ്യന്തര ടൂറിസം പരിപോഷിപ്പിക്കുന്നതിനും റിയാദ് സീസണിന്റെ ഒന്നും രണ്ടും എഡിഷനുകള്‍ പ്രതീക്ഷിച്ചതിലേറെ നേട്ടം കൈവരിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രൂഡ്ഓയില്‍ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന് രാജ്യത്ത് പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് റിയാദ് സീസണ്‍ അരങ്ങേറുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top