നൗഫല്‍ പാലക്കാടന്‍
റിയാദ്: ശരത്കാലത്തിന്റെ വരവറിയിച്ച് ഒക്ടോബര്‍ ആദ്യവാരത്തോടെ നേരിയ ചൂടുള്ള പകലിനും കുളിര്‍കാറ്റുള്ള രാവിനും സൗദിയുടെ വിവിധ പ്രവിശ്യകള്‍ സാക്ഷിയാകും. അതോടെ റിയാദ് സീസണ്‍ ഉത്സവത്തിന് തലസ്ഥാന നഗരിയില്‍ കൊടിയേറും. തിയ്യതിയും പരിപാടികളും വേദികളും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത്തവണ ഉത്സവം പൊടി പൊടിക്കുമെന്നാണ് സീസന്‍ തലക്കെട്ടും ലോഗോയും സൂചിപ്പിക്കുന്നത്. ‘ബീയോണ്ട് ഇമാജിനേഷന്‍’ ഭാവനക്കപ്പുറം എന്നാണ് റിയാദ് സീസണ്‍ മൂന്നാം എഡിഷന്റെ ശീര്‍ഷകം.
ആഘോഷത്തിന്റെ കമ്പക്കെട്ടുകള്‍ ആകാശത്തേക്കുയരുന്ന ലോഗോയുമാണ് ഇത്തവണ സീസന്‍ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം എന്റര്‍ടൈമെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ഷെയ്ഖ് പുറത്തിറക്കിയ ലോഗോക്കും ടീസറിനും സാമൂഹ്യ മാധ്യമങ്ങളില്‍ ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. ‘ഇമാജിന്‍’ (സങ്കല്‍പ്പിക്കൂ) എന്ന് ആദ്യ സീസനും ‘ഇമാജിന്‍ മോര്‍’ (കൂടുതല്‍ സങ്കല്‍പ്പിക്കൂ) എന്ന് രണ്ടാം സീസനും നല്‍കിയ തലക്കെട്ട് അന്വര്‍ത്ഥമാക്കിയാണ് 2019 ലേയും 2021 ലേയും മേളകള്‍ കൊടിയിറങ്ങിയത്. 2021 ഒക്ടബാറില്‍ ആരംഭിച്ച സീസണ്‍ 2 ലോകശ്രദ്ധനേടിയാണ് അരങ്ങൊഴിഞ്ഞത്.
രാജ്യം ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ച സീസണ്‍ രണ്ട് ദേശാന്തരാങ്ങള്‍ക്കപ്പുറത്ത് ചര്‍ച്ച ചെയ്യപ്പെട്ടു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിനോദ പരിപാടികള്‍ ആസ്വദിക്കാനും രാജ്യത്തിന്റെ മാറ്റം നേരില്‍ കാണാനും സഞ്ചാരികളെത്തി. അന്തരാഷ്ട്ര മാധ്യങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ മീഡിയ സെന്ററില്‍ ക്യാമ്പ് ചെയ്ത് കാലാനഗരങ്ങള്‍ക്ക് ആഗോള ശ്രദ്ധ നേടിക്കെിടുത്തു. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ നിന്ന് സ്വദേശികളും വിദേശികളും ഉള്‍പ്പടെ വന്‍ ജനാവലി പുതിയ നഗരവും രാജ്യവും കാണാന്‍ റിയാദിലെത്തി. ലോകപ്രശസ്ത അമേരിക്കന്‍ റാപ്പര്‍ പിറ്റ് ബുള്‍ പങ്കെടുത്ത കഴിഞ്ഞ സീസണിന്റെ ഉല്‍ഘാടന ചടങ്ങിന് നഗരത്തിലെ കലാ നഗരമായ ബൊളീവര്‍ഡില്‍ എത്തിയത് ഏഴര ലക്ഷം ആസ്വാദകരാണ്. ഒരു വിനോദപരിപാടിക്ക് സൗദിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രവലിയ ജനക്കൂട്ടം സാക്ഷിയാകുന്നത്.
ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന വിദേശ സമൂഹത്തെ കൂടി പരിഗണിച്ചാണ് പരിപാടികള്‍ രൂപകല്‍പന ചെയ്തത്. ഇന്ത്യയില്‍ നിന്ന് ‘ദബാങ് ടൂര്‍ റീ ലോഡഡ് ‘ എന്ന പേരില്‍ സല്‍മാന്‍ ഖാനും സംഘവും കഴിഞ്ഞ തവണ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. 579,000 പേരാണ് സല്‍മാന്റെ പരിപാടികള്‍ കാണാന്‍ ടിക്കറ്റെടുത്ത് ബൊളീവര്‍ഡിലെത്തിയത്. ഇത്തവണ ബോളിവുഡില്‍ നിന്ന് ആരാണെത്തുക എന്ന പ്രഖ്യാപനത്തിന് കാത്തിരിക്കുന്നവരില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പുറമെ അറബികളുമുണ്ട്.
ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഉള്‍പ്പടെ ബോളീവുഡ് താരങ്ങള്‍ക്ക് ഏറെ ആരാധകരുള്ള രാജ്യമാണ് സൗദി അറേബ്യ. വിദേശ താരങ്ങളായ ഡേവിഡ് ഗൊത്തയും, ജസ്റ്റിന്‍ ബീബറും, ഡി ജെ സ്‌നേക്കും, അമര്‍ ദിയാബും, നാന്‍സി അജ്‌റാമും പാടി വെളുപ്പിച്ച രാവുകള്‍ സമ്മാനിച്ച മിഡില്‍ ബീസ്റ്റും കഴിഞ്ഞ തവണ റിയാദ് സീസന്റെ ഭാഗമായി എത്തിയിരുന്നു. യുവതലമുറ അശാന്തരായി കാത്തിരിക്കുന്നത് മിഡില്‍ ബീസ്റ്റില്‍ ആരൊക്കെ എത്തുന്നുണ്ടെന്ന് അറിയാനാണ്. റിയാദ് സീസന്റെ പ്രധാന വേദിയായ ബോളീവാര്‍ഡ് ഇതിനോടകം സജീവമായി. റെസ്‌റ്റോറന്റുകളും കഫേകും സ്ട്രീറ്റ് ഭക്ഷണ കിയോസ്‌ക്കുകളും രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന പാചക്കാരെ കൊണ്ട് വന്ന് ഏറ്റവും പുതിയ രുചിക്കൂട്ടുകളും ക്രിത്മകമായ ആതിധേയത്വവും ഉറപ്പ് വരുത്തി സീസനെ വരവേല്‍ക്കാന്‍ ഒരുങ്ങി. നഗരത്തിന്റെ ഏതെല്ലാം ഭാഗത്താണ് വേദികളെന്നും ടിക്കറ്റ് നിരക്ക് എങ്ങനെയാണെന്നും അറിയാനുള്ള തിടുക്കവുമുണ്ട് സീസന്‍ കാത്തിരിക്കുന്നവര്‍ക്. കഴിഞ്ഞ തവണ നേരിയ തോതില്‍ കോവിഡ് ഭീഷണി നില നിന്നിരുന്നെങ്കിലും സീസനെ അത് ബാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ കോവിഡ് ഭീഷണി നിലനില്‍ക്കുന്നില്ല എന്നത് കൊണ്ട് സൗദിയില്‍ നിന്നും സൗദിക്ക് പുറത്ത് നിന്നും ആസ്വാദകരുടെ ഒഴുക്കുണ്ടാകും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.