
റിയാദ്: തനത് മാപ്പിളകലയുടെ പൂരത്തിന് റിയാദില്‍ തിരിതെളിഞ്ഞു. മലപ്പുറം ജില്ലാ കെഎംസിസി ‘കാലിഫ്’ എന്ന പേരില്‍ ഒരുക്കുന്ന മാപ്പിള കലോത്സവം ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ ഉദ്ഘാടനം ചെയ്തു. ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ദി വോയേജ്’ സംഘടനാ ശക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായാണ് ‘കാലിഫ്’ കലയുടെ കാഴ്ചകള്‍ എന്ന പ്രമേയത്തില്‍ സാഹിത്യ, സാസ്‌കാരിക മേള. മലപ്പുറത്തിന്റെ തനത് പൈതൃകം, കല, സാഹിത്യം, സൗഹാര്‍ദ്ദം എന്നിവ പ്രവാസലോകത്ത് ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം.

ഉത്ഘാടനം സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. കാലിഫ് ലോഗോ പ്രകാശനം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര മുഹമ്മദ് വേങ്ങരക്ക് നല്‍കി നിര്‍വ്വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ പാലത്തിങ്ങല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ഫസല്‍ പുറങ്ങിന് ജില്ലാ കെഎംസിസിയുടെ സ്‌നേഹാദരം ചടങ്ങില്‍ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് സമര്‍പ്പിച്ചു. കാലിഫ്-2025 ഡയറക്ടര്‍ ഷാഫി തുവ്വൂര്‍ പരിപാടിയുടെ സന്ദേശവും വിശദാംശങ്ങളും പങ്കുവെച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് 16 നിയോജക മണ്ഡലങ്ങള്‍ മാറ്റുരച്ച മുദ്രാവാക്യം വിളി മത്സരം ആവേശകരമായിരുന്നു. വിഷയബന്ധിതമായ മുദ്രാവാക്യം ഉയര്‍ത്തി ഓരോ ടീമും മികവ് തെളിയിച്ചു.

മെയ് മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലിഫ് 2025-ല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 15 തനത് മാപ്പിള കലാ മത്സരങ്ങള്‍ റിയാദിലെ വിവിധ വേദികളില്‍ അരങ്ങേറും. അന്യംനിന്നു പോകുന്ന മാപ്പിള കലകളുടെ സൗരഭ്യം പ്രവാസലോകത്ത് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

തനത് മാപ്പിളപ്പാട്ടുകള്‍, പ്രവാചക മദ്ഹ് ഗാനങ്ങള്‍, ഒപ്പന, കഥപറച്ചില്‍, പ്രസംഗം, രചന മത്സരങ്ങള്‍, ചിത്രകല, മെഹന്തി ഫെസ്റ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുന്നു. ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ബുക്ക് ഫെസ്റ്റ്, പാനല്‍ ചര്‍ച്ചകള്‍, സാംസ്‌കാരിക പരിപാടികള്‍, മാപ്പിള കലകളുടെ പ്രദര്‍ശനം, എക്‌സിബിഷന്‍ എന്നിവയും നടക്കും.

ഓര്‍ഗനൈസിംഗ് സെക്രട്ടറി മുനീര്‍ മക്കാനി, ‘കാലിഫ്’ ടെക്‌നിക്കല്‍ സമിതി അംഗം നവാസ് കുറുങ്കാട്ടില്‍, ഷാജഹാന്‍ വള്ളിക്കുന്ന്, ബഷീര്‍ ഇരുമ്പുഴി, ഷമീം എടപ്പറ്റ, നാസര്‍ മംഗലത്ത്, യൂനുസ് സലീം, നൗഫല്‍ ചാപപ്പടി, ഷാഫി വെട്ടിക്കാട്ടിരി, അഷറഫ് ടിടി, സിദ്ദിഖ് കോനാരി, ഷറഫു വള്ളിക്കുന്ന്, കലാം മാട്ടുമ്മല്‍, നസീര്‍ കണ്ണീരി, അമീറലി, കലാം മാട്ടുമ്മല്‍, ജില്ലാ ഭാരവാഹികളായ സഫീര്‍ ഖാന്‍ വണ്ടൂര്‍,അര്‍ഷദ് ബഹസ്സന്‍,യൂനുസ് നാനാത്ത്,സലാം മഞ്ചേരി,മജീദ് മണ്ണാര്‍മ്മല,ഷരീഫ് അരീക്കോട്, ഫസലു പൊന്നാനി,ഇസ്മായില്‍ താനൂര്‍, നൗഫല്‍ താനൂര്‍,റഫീഖ് ചെറുമുക്ക്, ശക്കീല്‍ തിരൂര്‍ക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ് സ്വാഗതവും ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.