
റിയാദ്: സൗദി-ഖത്തര്‍ അതിര്‍ത്തിയായ സാല്‍വയില്‍ കൊവിഡ് ഹെല്‍ത് സെന്റര്‍ സ്ഥാപിച്ചു. സൗദി ആരോഗ്യ മന്ത്രാലയമാണ് സെന്റര്‍ സ്ഥാപിച്ചത്. അതിര്‍ത്തി വഴി വാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകയും അതിര്‍ത്തികള്‍ തുറക്കുകയും ചെയ്തതോടെ സല്‍വ അതിര്‍ത്തി വഴി സൗദിയിലേക്ക് ഖത്തര്‍ വാഹനങ്ങള്‍ പ്രവേശിച്ചു തുടങ്ങി. ഖത്തര്‍ പൗരന്മാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ ആരോഗ്യ നടപടികളും മന്ത്രാലയം പുറപ്പെടുവിച്ചു.

രാജ്യത്തെത്തുന്നവര്‍ കൊവിഡ് പരിശോധന നടത്തി മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം. ഹോം ക്വാറന്റൈനില്‍ കഴിയാന്‍ സന്നദ്ധമാണെന്ന് സത്യവാങ്ങ്മൂലം ഒപ്പിട്ടു നല്‍കുകയും വേണം. കഴിഞ്ഞ ദിവസം ഉച്ച മുതല്‍ ഖത്തര്‍ പൗരന്‍മാര്‍ അതിര്‍ത്തി വഴി സൗദിയിലേക്ക് പ്രവേശിച്ചു തുടങ്ങി.
ജിസിസി പൗരന്‍മാര്‍ക്ക് സൗദിയിലെത്താന്‍ വിസ ആവശ്യമില്ലാത്തതിനാല്‍ ഖത്തര്‍ പൗരന്‍മാര്‍ക്ക് സൗദിയില്‍ സന്ദര്‍ശനം നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍ ഖത്തറിലുളള വിദേശികള്‍ക്ക് വിസ ആവശ്യമാണ്. ഉംറ വിസ അനുവദിക്കുന്നതോടെ കൂടുതല്‍ വിദേശികള്‍ തീര്‍ത്ഥാടനത്തിനായി സൗദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
