
റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കാനെത്തിയ ഖത്തര്‍ പൗരന്‍മാര്‍ക്ക് അതിര്‍ത്തിയില്‍ ഊഷ്മള സ്വീകരണം. സാല്‍വ അതിര്‍ത്തി ചെക് പൊയിന്റില്‍ പൂച്ചെണ്ട് നല്‍കിയാണ് ഉദ്യോഗസ്ഥര്‍ ഖത്തര്‍ പൗരന്‍മാരെ വരവേറ്റത്.

ഉപരോധം പിന്‍വലിച്ചതിന് ശേഷം കരാതിര്‍ത്തിയായ സാല്‍വ വഴി ആദ്യമെത്തിയത് ഖത്തര്‍ പൗരനായ അബ്ദുല്ല മുഹമ്മദ് ബിന്‍ ദഹ്‌റൂജ് ആണ്. മൂന്നര വര്‍ഷത്തിലേറെയായി തുടരുന്ന ഉപരോധം പിന്‍ വലിച്ചതോടെ ഇരു രാജ്യങ്ങളില്‍ നിന്നും വിവാഹ ബന്ധം സ്ഥാപിച്ചവരും ആഹ്‌ളാദത്തിലാണ്. സാല്‍വ വഴി ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഉപരോധത്തിന് മുമ്പ് കടന്നു പോയിരുന്നത്.
സൗദി തലസ്ഥാനമായ റിയാദില്‍ നിന്നു ഖത്തര്‍ തലസ്ഥാനമായ ദോഹ വരെ 580 കിലോ മീറ്റര്‍ മാത്രമാണ് ദൂരമുളളത്. റിയാദിലും ഖത്തറിലുമുളള മലയാളികളും റോഡ് മാര്‍ഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ സാല്‍വ വഴി യാത്ര ചെയ്തിരുന്നു. അതുകൊണ്ടുതന്നെ, അതിര്‍ത്തി തുറന്നതിനെ സ്വദേശികളും വിദേശികളും സ്വാഗതം ചെയ്തു.
അതേസമയ, സൗദി എയര്‍ലൈന്‍സിന്റെ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ ഖത്തറിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടില്ല. എന്നാല്‍ സൗദി വ്യോമപാതയിലൂടെ വിമാനങ്ങള്‍ യാത്ര തുടങ്ങിയതായി ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
