Sauditimesonline

SaudiTimes
targer
റിയാദ് എഡ്യൂ എക്‌സ്‌പോ സെപ്തം. 13ന്; ഡോ. ആനന്ദ് പ്രഭു പങ്കെടുക്കും

അതിര്‍ത്തികള്‍ തുറന്നു; ഇന്ന് 385 വിമാന സര്‍വീസുകള്‍; ഇന്ത്യയിലേക്ക് സൗദികള്‍ക്ക് യാത്രാ വിലക്ക്

റിയാദ്: 14 മാസവും എട്ട് ദിവസവും കഴിഞ്ഞ് സൗദി അറേബ്യയുടെ അതിര്‍ത്തികള്‍ തുറക്കുന്നു. 2020 മാര്‍ച്ച് 8ന് അടച്ച അതിര്‍ത്തികള്‍ 2021 മെയ് 17ന് പുലര്‍ച്ചെ തുറന്നുകൊടുക്കും. കര, നാവിക, വ്യോമ പാതകള്‍ തുറക്കുന്നതോടെ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ അതിജയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൗദി അറേബ്യ. പൂര്‍ണമായും കൊവിഡ് മുക്തി നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വൈറസ് വ്യാപനം പിടിച്ചുകെട്ടാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് രാജ്യത്തെ ജനങ്ങള്‍. കര്‍ശന കൊവിഡ് പ്രോടോെകോള്‍ പ്രകാരമാണ് അന്താരാഷ്ട്ര ഗതാഗതം പുനരാരംഭിക്കുന്നത്. അതുകൊണ്ട്തന്നെ ജാഗ്രത കൈവിടരുതെന്ന സന്ദേശമാണ് അധികൃതര്‍ പങ്കുവെക്കുന്നത്

സൗദിയില്‍ നിന്നു യാത്ര ചെയ്യുന്നവര്‍ എത്തിച്ചേരുന്ന രാജ്യങ്ങളിലെ കൊവിഡ് പ്രോടോകോള്‍ മനസ്സിലാക്കണം. മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് 14 ദിവസം കഴിഞ്ഞ് തവക്കല്‍നാ ആപ്‌ളിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് വന്നതിന് ശേഷം മാത്രമേ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുകയുളളൂ.

ഒരു വര്‍ഷത്തിലധികമായി സൗദി പൗരന്‍മാര്‍ക്ക് വിദേശയാത്ര വിലക്കുണ്ടായിരുന്നു. അടിയന്തിര ഘട്ടങ്ങളില്‍ കര്‍ശന നിബന്ധനകളോടെ യാത്ര ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഇതെല്ലാം പിന്‍വലിച്ചതോടെ ആഹ്‌ളാദത്തിലാണ് രാജ്യത്തെ ജനങ്ങള്‍. വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലും അല്ലാതെയും രാജ്യം വിടാന്‍ അനുമതി ഉണ്ടായിരുന്നു. എന്നാല്‍ മടങ്ങിവരുന്നതിന് നിബന്ധന ബാധകമാണ്. ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സൗദിയില്‍ നേരിട്ട് പ്രവേശനമില്ല. ഇന്ത്യക്ക് പുറത്ത് സൗദി അറേബ്യയുടെ യാത്രാ വിലക്ക് ഇല്ലാത്ത രാജ്യത്ത് 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് സൗദിയില്‍ പ്രവേശനം. ഇത്തരക്കാര്‍ 7ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുകയും വേണം. കൊവിഡ് രോഗ മുക്തി നേടിയവര്‍, സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ എന്നിവര്‍ക്ക് സൗദിയിലെത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്ന സൗദി പൗരന്‍മാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈ ആവശ്യമില്ല. എന്നാല്‍ ഇവര്‍ 72 മണിക്കൂര്‍ മുമ്പെടുത്ത പി.സി. ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സര്‍വീസിന് സുസജ്ജമാണ്. കൊവിഡ് പ്രോടോകോള്‍ പ്രകാരമുളള വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുളളത്. അതേസമയം, വിദേശ യാത്ര നടത്തുന്നവര്‍ തവക്കല്‍നാ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് അതിര്‍ത്തി കവാടങ്ങളില്‍ കാണിക്കണം. ഗ്രീന്‍ സ്റ്റാറ്റസ് ഉളളവര്‍ക്കു മാത്രമാണ് യാത്രാനുമതി.

സ്വദേശികളും വിദേശികളും ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന സൗദി ബഹ്‌റൈന്‍ അതിര്‍ത്തിയിലെ കിംഗ് ഫഹദ് കോസ്‌വേയിലും വിപുലമായ സൗകര്യം ഒരുക്കി. സൗദികള്‍ക്കും വിദേശികള്‍ക്കും പ്രത്യേകം ട്രാകുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ 43 അന്താരാഷ്ട്ര സര്‍വീസുകളും 28 ആഭ്യന്തര സര്‍വീസുകളുമാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിട്ടുളളത്. അണുവിമുക്തമാമാക്കിയ വിമാനങ്ങളും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സൗദിയ അറിയിച്ചു. ഇന്നു പുലര്‍ച്ചെ മുതല്‍ വിവിധ വിമാന കമ്പനികള്‍ സൗദിയില്‍ നിന്ന് 385 അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തും. സൗദിയിലെ ഒന്‍പത് വിമാനത്താവളങ്ങള്‍ ഇതിനായി ഒരുക്കം പൂര്‍ത്തിയാക്കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് ഇബ്രാഹിം അല്‍ റുഅ്‌സാ അറിയിച്ചു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 225 സര്‍വീസ് നടത്തും. ജിദ്ദയില്‍ നിന്നു 75ഉും ദമ്മമാമില്‍ നിന്നു 66 സര്‍വീസുകളുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്ക് സൗദി പൗരന്‍മാര്‍ യാത്ര ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലിബിയ, സിറിയ, യമന്‍, ഇറാന്‍, ലബനണ്‍, തുര്‍ക്കി, അര്‍മീനിയ, കോഗോ, സോമാലിയ, വെനീസ്വല, അഫ്ഗാനിസ്ഥാന്‍, ബെലാറസ് എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. യാത്രക്ക് അനുമതിയുളള രാജ്യങ്ങള്‍ വഴിയും ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പാടില്ല. എന്നാല്‍ അടിയന്തിര ഘട്ടങ്ങളില്‍ അനുമതിയോടെ യാത്രക്ക് അനധമതി നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top