Sauditimesonline

watches

ഈത്തപ്പം കയറ്റുമതിയില്‍ സൗദിക്ക് നേട്ടം

റിയാദ്: ഈത്തപ്പഴം കയറ്റുമതിയില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ട്രേഡ് മാപ് വെബ്‌സൈറ്റ് ആണ് കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഈത്തപ്പഴം കയറ്റി അയച്ചത് സൗദി അറേബ്യയാണെന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം 121.5 കോടി റിയാലിന്റെ ഈത്തപ്പഴമാണ് സൗദി അറേബ്യ 113 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതെന്ന് സൗദിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സ് സി.ഇ.ഒ മുഹമ്മദ് അല്‍ നുവൈറാന്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തിനിടെ ഈത്തപ്പഴ കയറ്റുമതിയില്‍ ഏറ്റവും മികച്ച വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. ശരാശരി 13 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടാന്‍ കഴിഞ്ഞത്. മാത്രമല്ല, അഞ്ചു വര്‍ഷത്തിനിടെ കയറ്റുമതി 110 ശതമാനം വര്‍ധിക്കുകയും ചെയ്തു.

പെട്രോളിതര ഉത്പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും ഈത്തപ്പന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. അതിന്റെ ഫലമാണ് കയറ്റുമതിയില്‍ നേട്ടം ഉണ്ടായതെന്നും മുഹമ്മദ് അല്‍ നുവൈറാന്‍ പറഞ്ഞു.

സൗദിയില്‍ കാര്‍ഷിക ഉല്‍പാദനത്തിന്റെ 12 ശതമാനം ഈത്തപ്പഴമാണ്. രാജ്യത്ത് 1.23 ലക്ഷം തോട്ടങ്ങളിലായി 3.3 കോടി ഈത്തപ്പനകള്‍ കൃഷി ചെയ്യുന്നുണ്ട്. വര്‍ഷം 750 കോടി റിയാലിന്റെ ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്നുണ്ടെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top