നസ്‌റുദ്ദീന്‍ വി ജെ
ഏറ്റവും കുറഞ്ഞ കാലയളവില്‍ പരിഷ്‌കാരങ്ങളിലും വികസനങ്ങളിലും വിപ്ലവം സൃഷ്ടിച്ച രാജ്യം ഏതെന്ന് ചോദിച്ചാല്‍ സൗദി അറേബ്യ എന്നായിരിക്കും ഉത്തരം. അതുകൊണ്ടുതന്നെ 2030ല്‍ നടക്കാനിരിക്കുന്ന വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുളള സൗദിയുടെ താത്പര്യം അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നത്.
അന്താരാഷ്ട്ര എക്‌സിബിഷനുകളുടെയും കണ്‍വെന്‍ഷനുകടെയും മേല്‍നോട്ടം വഹിക്കുന്നത് ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ് ആണ്. 179 ലോക രാഷ്ട്രങ്ങള്‍ക്ക് പങ്കാളിത്തമുളള കൂട്ടായ്മയാണിത്. 2030ലെ ലോക എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയരെ കണ്ടെത്തുന്നത് രഹസ്യ ബാലറ്റിലൂടെയാണ്. സൗദി അറേബ്യക്കെതിരെ മത്സരിക്കാന്‍ രംഗത്തുളളത് കൊറിയ, ഇറ്റലി, ഉക്രൈന്‍ എന്നീ രാജ്യങ്ങളാണ്. നവംബറില്‍ നടക്കുന്ന ജനറല്‍ അസംബ്‌ളിയില്‍ തെരഞ്ഞെടുപ്പ് നടക്കും.
സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതി പൂര്‍ത്തീകരണത്തിന് ലക്ഷ്യം വെക്കുന്ന കാലയളവില്‍ എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയില്‍ സൗദി അറേബ്യ കാമ്പയിനും ആരംഭിച്ചു.
2030 ഒക്ടോബര്‍ 1 മുതല്‍ 2031 മാര്‍ച്ച് 31 വരെ ആറു മാസം നീണ്ടുനില്‍ക്കുന്ന വേള്‍ഡ് എക്‌സ്‌പോ റിയാദില്‍ നടത്താനാണ് സൗദി അറേബ്യയുടെ ആഗ്രഹവും തീരുമാനംവും. 2025 ഏപ്രില്‍ 13 മുതല്‍ ഒക്ടോബര്‍ 13 വരെ ജപ്പാനില്‍ അടുത്ത എക്‌സ്‌പോ അരങ്ങേറും. അതിനിടയിലാണ് 2030 എക്‌സ്‌പോ വേദി ചര്‍ച്ചയാകുന്നത്.
‘ദീനഘ ദൃഷ്ടിയുളള നാളേക്ക് ഒരുമിച്ച്’ എന്ന പ്രമേയത്തിലാണ് എക്‌സ്‌പോ നടത്താന്‍ സൗദി അറേബ്യ പദ്ധതി തയ്യാറാക്കുന്നത്. സാങ്കേതിക വിദ്യ, ഇന്നൊവേഷന്‍, സുസ്ഥിരത, ആഗോള സഹകരണം എന്നിവക്ക് ഒരുമിച്ച് മുന്നേറാമെന്ന സന്ദേശമാണ് സൗദി അറേബ്യ ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ മവതരിപ്പിച്ചത്. ഇതുസംബന്ധിച്ച വിശദമായ രൂപരേഖ പാരീസില്‍ ചേര്‍ന്ന ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ് ജനറല്‍ ബോഡിയില്‍ സൗദി അറേബ്യ അവതരിപ്പിച്ചു. എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും അതിവിപുലമായ പവിലിയനുകള്‍ സ്ഥാപിക്കുന്നതിന് സ്ഥല സൗകര്യങ്ങള്‍ അനുവദിക്കും. ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഭൂ വിസ്തൃതിയും സൗദി അറേ്യബ്യക്കുണ്ട്.
നവീകരണവും സുസ്ഥിരതയുമാണ് ആധുനിക കാലത്തിന് ആവശ്യം. അതിന് അന്താരാഷ്ട്ര രംഗത്ത് സ്വാധീനവും കരുത്തും തെളിയിക്കുന്ന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കണം. പൊതുവേ നേരിടുന്ന വെല്ലുവിളികള്‍ സമര്‍ത്ഥമായി നേരിടുകയും വേണം. ഇതിന് അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ജനറല്‍ അസംബ്‌ളിയില്‍ സംസാരിച്ച സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.
വികസ്വര രാജ്യങ്ങളോട് സൗദി അറേബ്യ പുലര്‍ത്തുന്ന പ്രതിബദ്ധത ശക്തമായി തുടരും. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാകും എക്‌സ്‌പോ സംഘടിപ്പിക്കുകയെന്നും മന്ത്രി വിശദീകരിച്ചു.
സാങ്കേതിക വിദ്യ ഉള്‍പ്പെടെ പവിലിയനുകളും പ്രദര്‍ശനങ്ങളും ഒരുക്കുന്നതിന് 100 രാജ്യങ്ങള്‍ക്ക് 34.3 കോടി ഡോളര്‍ സഹായം സൗദി അറേബ്യ മാറ്റിവെച്ചിട്ടുണ്ട്. കൂടുതല്‍ സഹായം നല്‍കുന്നതിന് അന്താരാഷ്ട്ര രംഗത്തെ വിവിധ ഏജന്‍സികള്‍, സ്വകാര്യ മേഖലയിലെ പങ്കാളികള്‍ എന്നിവരുമായി സഹകരിച്ച് വിവിധ പദ്ധതികളും നടപ്പിലാക്കും. സൗദി അറേബ്യ ആഗ്രഹിക്കുഞത് സമഗ്ര വേള്‍ഡ് എക്‌സ്‌പോ ആണ്. അതിനുതകുന്ന ആസൂത്രണങ്ങളും പദ്ധതികളുമാണ് ലക്ഷ്യമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ വ്യക്തമാക്കി.
പാരീസില്‍ അരങ്ങേറിയ ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ് ജനറല്‍ അസംബ്‌ളിയില്‍ അമേരിക്കയിലെ സൗദി അംബാസഡര്‍ പ്രിന്‍സസ് റീമ ബിന്ത് ബന്ദറും പങ്കെടുത്തു. സൗദി അറേബ്യ 80 വര്‍ഷം കൈവരിച്ച നേട്ടത്തേക്കാള്‍ മികച്ച വികസന നേട്ടങ്ങളാണ് സൗദി വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം രാജ്യം കൈവരിച്ചത്. എട്ട് വര്‍ഷത്തിനിടെ പരിഷ്‌കാരങ്ങളിലും വികസനങ്ങളിലും വിപ്ലവം സൃഷ്ടിച്ച രാജ്യമാണ് സൗദി മറേബ്യ. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിദേശ സഞ്ചാരികളാണ് സൗദിയിലെത്തുന്നത്. റിയാദ് എക്‌സ്‌പോ പ്രതീക്ഷിക്കുന്നത് നാല് കോടി ജനങ്ങളെയാണെന്നും അവര്‍ പറഞ്ഞു.
എക്‌സ്‌പോയുടെ വിജയത്തിന് 780 കോടി ഡോളറിന്റെ ബജറ്റാണ് സൗദി അറേബ്യ തയ്യാറാക്കിയിട്ടുളളതെന്ന് നിക്ഷേപ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലയിഹ് പറഞ്ഞു. വിഷന്‍ 2030 പദ്ധതി അനുസരിച്ച് 2030 ആകുന്നതോടെ 3.3 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് രാജ്യം ലക്ഷ്യം വെക്കുന്നത്. ഗ്‌ളോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലാബിന് രൂപം നല്‍കുന്നതോടെ പ്രാദേശിക, അന്തര്‍ദേശീയ സംരംഭകര്‍ക്ക് നിക്ഷേപ, വികസന കാര്യങ്ങള്‍ക്കുളള ആഗോള കേന്ദ്രമായി എക്‌സ്‌പോ മാറും.ന
സൗദിയില്‍ 25,000ത്തിലധികം മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ 130 രാജ്യങ്ങളിലെ 80 ലക്ഷത്തിലധികം വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇത് എക്‌സ്‌പോ പദ്ധതികളില്‍ പങ്കാളികളാകാന്‍ കൂടുതല്‍ വിദേശ കമ്പനികളെ ആകര്‍ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് റിയാദ് എക്‌സ്‌പോ പദ്ധതി ലക്ഷ്യം വെക്കുന്നത്. അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് വേഗത്തില്‍ ഇവിടെ എത്തിച്ചേരാന്‍ കഴിയും. റിയാദ് മെട്രോ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് നഗരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കും. എക്‌സിബിഷന്‍ സെന്ററിന്റെ മൂന്ന് പ്രവേശന കവാടങ്ങളെ റോഡ് ശൃംഖലയുമായും ബന്ധിപ്പിക്കും. ഇത് എക്‌സ്‌പോ സെന്ററിലേക്കുളള ഗതാഗതം സുഗമമാക്കും.
226 പ്രദര്‍ശന പവലിയനുകള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഗോളാകൃതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. ഒരു ഭൂമധ്യരേഖയിലൂടെ കടന്നുപോകുന്ന വിധം പങ്കെടുക്കുന്ന എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പു നല്‍കുന്നു. മാത്രമല്ല, റിയാദ് നഗരത്തിന്റെ പുരാതന നഗര ശൈലി, ചരിത്രം, സംസ്‌കാരം, പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്നതാകും എക്‌സിബിഷന്‍ സെന്ററിന്റെ രൂപകല്‍പ്പന.
ദ്രുതഗതിയില്‍ കുതിക്കുന്ന സൗദിയുടെ വികസനം എക്‌സ്‌പോ 2030ന് ആതിഥേയത്വം വഹിക്കുന്നതോടെ രാജ്യത്തിന്റെ പരിഷ്‌കരണ പദ്ധതികളുടെ നേട്ടങ്ങള്‍ ലോകത്തെ കാണിക്കാന്‍ വലിയ അവസരം നല്‍കുമെന്ന പ്രത്യാശയാണ് ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ് ജനറല്‍ ബോഡിയില്‍ സൗദി അറേബ്യ പങ്കുവെച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
