
റിയാദ്: സ്ഥാപക ദിനം ആഘോഷമാക്കി സൗദി അറേബ്യ. സാംസ്‌കാരിക മന്ത്രാലയം വിവിധ പ്രവിശ്യകളില്‍ ഔദ്യോഗിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിന്‍ സൗദ് ആണ് സൗദി രാഷ്ട്രം സ്ഥാപിച്ചത്. മൂന്ന് നൂറ്റാണ്ടിനിടെ സൗദിയിലെ ജനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് സ്ഥാപക ദിനത്തിന്റെ ഭാഗമായി രാജ്യത്ത് അരങ്ങേറുന്നത്.

സ്ഥാപക ദിനത്തിന്റെ ചരിത്രവും രാജ്യത്തിന്റെ ഏകീകരണത്തിലേക്ക് നയിച്ച അബ്ദുള്‍ അസീസ് രാജാവിന്റെ നേട്ടങ്ങളും വിശദീകരിക്കുന്ന ഡോകുമെന്ററിയുടെ പ്രദര്‍ശനം എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ സമൃദ്ധമായ കാലഘട്ടവും വിശദീകരിക്കുന്നുണ്ട്.

യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ സൗദിയുടെ പുരാതന തലസ്ഥാനം ദിര്‍ഇയ്യയില്‍ വിവിധ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. രാജ്യത്തിന്റെ ചരിത്രപരവും സാംസ്‌കാരിക പൈതൃകവും വര്‍ത്തമാനവും വിശകലനം ചെയ്യുന്ന പരിപാടികള്‍ ഒരേ സമയം രാജ്യത്തെ 13 പ്രവിശ്യകളിലും ഒരുക്കിയിട്ടുണ്ട്.

വിവിധ പരിപാടികള്‍ ഫെ്രബുവരി 23 വരെ നീണ്ടു നില്‍ക്കും. സ്ഥാപക ദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22, 23 തീയതികളില്‍ പൊതുഅവധിയാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നോണ്‍പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും അവധി ബാധകമാണ്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.