റിയാദ്: ഓണ്‍ലൈനില്‍ ഓണാഘോഷം പുതുമയുളള കാര്യമല്ല. കൊവിഡ് കാലത്ത് സൂം ഉള്‍പ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പാട്ടും നൃത്തവും പൂക്കളവും ഒരുക്കി ഓണം ആഘോഷിച്ചു മലയാളികള്‍. എന്നാല്‍ വാട്‌സ്ആപ്പിലും ഓണം ആഘോഷിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സൗദിയിലെ ഒരു കൂട്ടം കലാകാരന്‍മാര്‍. 240 അംഗങ്ങളുളള മലയാളി കൂട്ടായ്മ സൗദി കലാസംഘം ആണ് വാട്‌സ്ആപ് ഗ്രൂപ്പില്‍ ഓണം ആഘോഷിച്ചത്.
സൗദി യുടെ വിവിധ പ്രാവിശ്യകളിലുള്ള കലാകന്മാര്‍ പങ്കെടുത്ത ആഘോഷങ്ങള്‍ക്ക് പ്രസിഡണ്ട് റഹീം ഭരതന്നൂര്‍ തബുക്ക്, ജനറല്‍ സെക്രട്ടറി വിജേഷ് ചന്ദ്രു എന്നിവര്‍ നേതൃത്വം നല്‍കി. ആശംസകള്‍ നേര്‍ന്നും അനുഭവങ്ങള്‍ പങ്കുവെച്ചുമായിരുന്നു ആഘോഷം. ഇതിനു പുറമെ ഗാനം ആലപിച്ചും നൃത്തച്ചുവടുവെച്ചും മിമിക്രി അവതരിപ്പിച്ചും ആഘോഷം കൂടുതല്‍ വര്‍ണാഭമാക്കി.
വൈകീട്ട് 4.00ന് തുടങ്ങിയ ആഘോഷം രാത്രി 9.00 വരെ നീണ്ടു. കലാസംഘം എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ സഹകരണത്തോടെ നടന്നപരിപാടിയില്‍ അറിയപ്പെടാതെ കിടന്ന നിരവധി കലാകാരന്മാരെ കണ്ടെത്താനും കഴിഞ്ഞു.
ഈ വര്‍ഷം അവസാനം ജിദ്ദയില്‍ നടക്കുന്ന എസ്‌കെഎസ് മെഗാഷോയല്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത മുഴുവന്‍ കലാകാരന്‍മാരെയും പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് റഹീം ഭരതന്നൂര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.