
റിയാദ്: സെമിഫൈനലില്‍ ആധികാരികവും ആവേശകരവുമായ വിജയമാണ് ടീം യു ഡി എഫ് നേടിയിരിക്കുന്നതെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി. പല അടവുകളും പയറ്റിയിട്ടും ഗോള്‍വലയത്തിന്റെ നാലയലത്ത് പോലും എത്താന്‍ എല്‍ഡി എഫിനായില്ല. ഒരു ഘട്ടത്തിലും പന്ത് അവരുടെ അധീനതയിലുണ്ടായില്ല എന്നത് ഈ ടീമിന്റ ദൗര്‍ബല്യം എത്ര ഗുരുതരമാണെന്ന് ചൂണ്ടികാണിക്കുന്നു.

അധികാരവും പണവും ഉപയോഗിച്ചും കുപ്രചരണങ്ങള്‍ നടത്തിയും യുഡിഎഫ് ടീമിനെ നേരിടാന്‍ ശ്രമിച്ചവര്‍ക്ക് നിലമ്പൂരിന്റെ ഗ്രൗണ്ടില്‍ നിറഞ്ഞു കവിഞ്ഞ കാണികളായ വോട്ടര്‍മാര്‍ നല്‍കിയ മറുപടി ഫൈനല്‍ പോരാട്ടത്തിന്റെ റിഹേഴ്‌സലാണെന്നും നാഷണല്‍ കമ്മിറ്റി നല്‍കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാരും ഇടത് നേതാക്കളും പിണറായി ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ഈ പോരാട്ടത്തില്‍ യു ഡി എഫ് ടീം ഒറ്റകെട്ടായി കൈ മെയ് മറന്ന് ഒരു മനസ്സോടെ പോരാടിയപ്പോള്‍ കൈപിടിച്ച് പടികയറി നിലമ്പൂര്‍. കോണ്‍ഗ്രസിനൊപ്പം മുസ്ലിംലീഗും മറ്റു ഘടക കക്ഷികളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചപ്പോള്‍ ചരിത്ര വിലയം കൈപിടിയിലൊതുക്കാനായി.

നിലമ്പൂരിലെ വോട്ടര്മാരെയും ശാസ്ത്രീയമായി പ്രവര്‍ത്തിച്ച യു ഡി എഫ് നേതൃത്വത്തെയും പ്രവര്‍ത്തകരെയും കെഎംസിസി അഭിനന്ദിച്ചു. തദ്ദേശീയനും തങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ലതെന്ന് അവര്‍ വിശ്വസിക്കുന്ന സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയിട്ടും ഫലം ശൂന്യമായത് കേരളീയ പൊതുബോധത്തിന്റെ ശക്തമായ വികാരമാണ്. അതാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പോകുന്നത്. പിണറായി സര്‍ക്കാരിന്റെ ഭരണത്തിനെതിരെയുള്ള ജനവിധി തന്നെയാണ് നിലമ്പൂരിലേത് .അതെല്ലായെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇടതു പക്ഷവും മന്ത്രിമാരും . മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യമെടുത്തപ്പോള്‍ തന്നെ നിലമ്പൂരില്‍ യു ഡി എഫ് വിജയിച്ചിരുന്നു.

ജാതി മത വിഭാഗീയത ഉണ്ടാക്കി വര്‍ഗീയത വളര്‍ത്തി വോട്ടാക്കി മാറ്റാനുള്ള സി പി എമ്മിന്റെ കുതന്ത്രങ്ങളും നിലമ്പൂരില്‍ വിലപ്പോയില്ല. അത്തരം വിഷലിപ്തമായ പ്രചാരണങ്ങളെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നേരിട്ട യു ഡി എഫിനെയും ആര്യാടന്‍ ഷൗക്കത്തിനെയും നിലമ്പൂര്‍ ജനത നെഞ്ചേറ്റി. ഇതിന്റെ തനിയാവര്‍ത്തനമാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കാണാനിരിക്കുന്നതെന്ന് സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെപി മുഹമ്മദ്കുട്ടി, പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറര്‍ അഹമ്മദ് പാളയാട്ട് , ചെയര്‍മാന്‍ ഖാദര്‍ ചെങ്കള എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.