
റിയാദ്: തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ േമന്ത്രാലയം. തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തുന്നുതിനും കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായാണ് പരിഷ്‌കരണം. നിയമത്തിലെ പുതിയ ഭേദഗതികള്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് സ്ത്രീകള്‍ക്കാണ്. രണ്ടര മാസം ആയിരുന്ന പ്രസവാവധി മൂന്നു മാസമായി ഉയര്‍ത്തി. പങ്കാളി മരണപ്പെടുകയാണെങ്കില്‍ തൊഴിലാളിക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള അവധിക്ക് അര്‍ഹതയുണ്ടെന്നും പുതിയ ഭേദഗതി വ്യക്തമാക്കുന്നു. വിവാഹത്തിനും അഞ്ച് ദിവസം ശമ്പളത്തോട് കൂടിയുള്ള അവധി ലഭിക്കും.

തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള കാലയളവ് പുതിയ ഭേദഗതിയില്‍ പറയുന്നുണ്ട്. തൊഴിലാളിയുടെ ഭാഗത്തുനിന്നാണ് കരാര്‍ അവസാനിപ്പിക്കുന്നതെങ്കില്‍ നോട്ടീസ് 30 ദിവസവും തൊഴിലുടമയുടെ ഭാഗത്തുനിന്നാണെങ്കില്‍ 60 ദിവസവുമായിരിക്കും. അവധി ദിവസങ്ങളില്‍ ജോലിയെടുക്കുന്നത് ഓവര്‍ടൈമായി കണക്കാക്കുകയും ചെയ്യും.

ഇതിനായി ജീവനക്കാര്‍ക്ക് അധിക വേതനം നല്‍കുകയും വേണം. ട്രയല്‍ കാലയളവ് പരമാവധി 180 ദിവസം വരെയായിരിക്കുമെന്നും പരിഷ്‌കരിച്ച നിയമത്തില്‍ പറയുന്നു. വംശം, നിറം, ലിംഗഭേദം, വൈകല്യം അല്ലെങ്കില്‍ സാമൂഹിക പദവി എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

പുതിയ ഭേദഗതിയില്‍ ലൈസന്‍സില്ലാതെ ജോലി നല്‍കുന്നവര്‍ക്ക് പിഴ ലഭിക്കും. ഇത് തൊഴില്‍ വിപണിയെ നിയന്ത്രിക്കാനും തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാനും സഹായിക്കും. തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ മാറാനുള്ള സ്വാതന്ത്ര്യവും പുതിയ പരിഷ്‌കാരത്തില്‍ നല്‍കിയിട്ടുണ്ട്. വിസ നിയമങ്ങളില്‍ ഇളവ് വരുത്തിയിട്ടുള്ളതിനാല്‍ പ്രവാസി തൊഴിലാളികള്‍ക്കും ഗുണം ചെയ്യും.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.