റിയാദ്: കായിക മാമാങ്കത്തിനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തെ ഏറ്റവും വലിയ ദേശീയ കായിക മത്സരം സൗദി ഗെയിംസ് നവംബര്‍ 26 മുതല്‍ ഡിസംബര്‍ 10 വരെ റിയാദില്‍ അരങ്ങേറും.
53 കായിക ഇനങ്ങളില്‍ 6,000ത്തിലധികം താരങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും. 200റിലധികം ക്ലബുകളെ പ്രതിനിധീകരിച്ചാണ് കായികതാരങ്ങള്‍ മത്സരിക്കുക. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി കായിക മേഖല പരിപോഷിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. വിനോദ മികവിലൂടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനാണ് ദേശീയ ഗെയിംസ് ലക്ഷ്യം വെക്കുന്നത്.
മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10 ലക്ഷം റിയാലും രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനം നേടുന്നവനക്ക് ഒരു ലക്ഷം റിയാലും ക്യാഷ് പ്രൈസ് സമ്മാനിക്കും. സൗദിയില്‍ ജനിച്ച വിദേശികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ട്. ഇത് പ്രയോജനപ്പെടുത്തി കഴിഞ്ഞ വര്‍ഷം ബാഡ്മിന്റണ്‍ മത്സരത്തില്‍ പങ്കെടുത്ത കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ഒന്നാം സ്ഥാനം നേടിയിരുന്നു. സൗദി അറേബ്യക്ക് വേണ്ടി നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരവും ലഭിച്ചിരുന്നു. ഈ വര്‍ഷവും ഖദീജ നിസ അല്‍ നജദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. നവംബര്‍ 25 മുതല്‍ 26 വരെ മൂന്ന് ദിവസങ്ങളിലാണ് ബാഡ്മിന്റണ്‍ മത്സരം.
കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ സംഗീത, നൃത്ത വിരുന്നോടെ വര്‍ണശബളമായ ഉദ്ഘാടന പരിപാടി നടക്കും. പ്രത്യേക പ്രകടനങ്ങള്‍, അത്‌ലറ്റിക് ഡിസ്‌പ്ലേകള്‍, കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങള്‍, ലൈറ്റ് ഷോകള്‍ എന്നിവയാണ് ഉദ്ഘാടന നഗരിയില്‍ അരങ്ങേറുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.