ഹൂതികളുമായി സമാധാന ചര്‍ച്ച; സൗദി, ഒമാന്‍ സംഘം യമനില്‍

റിയാദ്: യമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഹൂതി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് സൗദി, ഒമാന്‍ പ്രതിനിധി സംഘം തലസ്ഥാനമായ സന്‍അയിലെത്തി. സമാധാന ഉടമ്പടി തയ്യാറാക്കുന്നതിനുളള കരട് നിര്‍ദേശങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ ചര്‍ച്ചകള്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യമന്‍ തലസ്ഥാനമായ സന്‍അയിലെത്തിയ സൗദി, ഒമാന്‍ പ്രതിനിധികള്‍ ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ മേധാവി മഹ്ദി അല്‍ മഷാത്തുമായി സനാ വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തി.

യമനിലെ പ്രധാന പ്രദേശങ്ങള്‍ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഔദ്യോഗിക സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള പ്രദേശങ്ങളില്‍ ആക്രമണവും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉപരോധം നീക്കുന്നതിലും ആക്രമണം അവസാനിപ്പിക്കുന്നതിലും ചര്‍ച്ച നടക്കും.

യമനിലെ ഔദ്യോഗിക സര്‍ക്കാര്‍ അംഗീകരിച്ച സമാധാന കരാറിന്റെ കരട് നിര്‍ദേശങ്ങള്‍ ഹൂതികള്‍ക്ക് കൈമാറും. സൗദി അറേബ്യയും സമാധാന നയിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. യമനിലെ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തമുളള സര്‍ക്കാര്‍ രൂപീകരിച്ച് രാഷ്െ്രീയ പരിഹാരം കാണം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിലവിലുളള ഉപരോധം നീക്കണം. ഹൂതികളുടെ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. തായ്്‌സ് ഉള്‍പ്പെടെയുളള വിവിധ പ്രവിശ്യകളിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്നും കരട് നിര്‍ദേശം വ്യക്തമാക്കുന്നു.

യമന്‍ പ്രസിഡന്റ് സൗദി സമാധാന ശ്രമങ്ങളെ നേരത്തെതന്നെ പിന്തുണച്ചിരുന്നു. സമഗ്രവും ശാശ്വതവുമായ സമാധാന ഉടമ്പടിയാണ് ഹൂതികളുമായി ആവശ്യം. ഹൂതികള്‍ കരാര്‍ ലംഘിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

യമനില്‍ തടവുകാരായ സൗദി പൗരന്‍മാരെ മോചിപ്പിച്ചതിന് പകരം 13 ഹൂതികളെ സൗദിയും കഴിഞ്ഞ ആഴ്ച വിട്ടയച്ചിരുന്നു. ഇതിനിടെ നടക്കുന്ന സമാധാന ശ്രമങ്ങള്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply