Sauditimesonline

kmcc kasargod
കാസര്‍ഗോഡ് കെഎംസിസി 'കൈസെന്‍' ക്യാമ്പയിന്‍ ഉദ്ഘാടനം നാളെ

അനശ്വര ഗായകന്റെ ഓര്‍മ ദിനം ആചരിച്ച് റഫി ഫൗണ്ടേഷന്‍

റിയാദ്: അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 43-ാം ചരമ ദിനം ആചരിച്ച് സൗദിയിലെ റഫി ഫൗണ്ടേഷന്‍. ഗള്‍ഫ് മലയാളി ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ‘റഫി നൈറ്റ്’ എന്ന പേരില്‍ സംഗീത വിരുന്നും അരങ്ങേറി. മുഹമ്മദ് റഫി ആലപിച്ച അനശ്വര ഗാനങ്ങള്‍ ആലപിച്ചാണ് ഓര്‍മ ദിനം ആചരിച്ചത്. റഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ മുഹമ്മദ് അസ്‌ലം സംഗീത വിരുന്നിന് നേതൃത്വം നല്‍കി. ഗായകരായ സുമി അരവിന്ദ്, പ്രിയ ബൈജു എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.


റിയാദ് ശിഫ റാമിസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജിഎംഎഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി സലിം അര്‍ത്തിയില്‍ അധ്യക്ഷത വഹിച്ചു. റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു. ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. അബ്ദുല്‍ അസീസ് പവിത്ര, വര്‍ഗീസ് വിന്റര്‍ടൈം, സാറ ഫഹദ്, ഡോ. അനൂപ്, ഷംനാദ് കരുനാഗപ്പളളി, ഹരികൃഷ്ണന്‍, അഷ്‌റഫ് ചേലാമ്പ്ര, ഷാജഹാന്‍ കാഞ്ഞിരപ്പളളി, ഷാനവാസ് വെമ്പിളി, മുത്തലിബ്, മുത്തു, ഷാനവാസ് എംകെ ഫുഡ്‌സ്, സുധീര്‍ വളളക്കടവ്, നിബു കാട്ടാകട, സുധീര്‍ പാലക്കാട് എന്നിവര്‍ പ്രസംഗിച്ചു. റഫി ഫൗണ്ടേഷന്‍ ജന. സെക്രട്ടറി കുഞ്ഞി മുഹമ്മദ് സ്വാഗതവും ജിഎംഎഫ് ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍ നന്ദിയും പറഞ്ഞു.

1980 ജൂലൈ 30ന് മുംബൈയിലാണ് റഫി മരിച്ചത്. ഫാസ്റ്റ് ഗാനങ്ങള്‍, ദേശഭക്തി ഗാനങ്ങള്‍, ദുഃഖ ഗാനങ്ങള്‍, റൊമാന്റിക് ഗാനങ്ങള്‍, ഖവാലികള്‍, ഗസലുകള്‍, ഭജനുകള്‍, ശാസ്ത്രീയ ഗാനങ്ങള്‍ തുടങ്ങിയ ശബ്ദ വൈവിധ്യമാണ് റഫിയെ അനശ്വരനാക്കിയത്. ഇതിനുളള അംഗീകാരമായിരുന്നു ആറ് ഫിലിംഫെയര്‍ അവാര്‍ഡുകളും ഒരു ദേശീയ ചലച്ചിത്ര അവാര്‍ഡും. 1967ല്‍ ഇന്ത്യ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. 2001ല്‍ ഹീറോ ഹോണ്ടയും സ്റ്റാര്‍ഡസ്റ്റ് മാസികയും ചേര്‍ന്ന് ‘ബെസ്റ്റ് സിംഗര്‍ ഓഫ് ദ മില്ലേനിയം’ മരണാനന്തര ബഹുമതിയും സമ്മാനിച്ചു.

ആയിരത്തിലധികം ഹിന്ദി സിനിമകള്‍ക്കും നിരവധി ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചു. ഉറുദു, പഞ്ചാബി എന്നിവക്കു പുറമെ കൊങ്കണി, ആസാമീസ്, ഭോജ്പുരി, ഒഡിയ, ബംഗാളി, മറാഠി, സിന്ധി, കന്നഡ, ഗുജറാത്തി, തമിഴ്, തെലുങ്ക്, മഗാഹി, മൈഥിലി ഭാഷകളില്‍ ഏഴായിരത്തിലധികം ഗാനങ്ങളും ആലപിച്ചു. ഇംഗ്ലീഷ്, ഫാര്‍സി, അറബിക്, സിംഹള, മൗറീഷ്യന്‍ ക്രിയോള്‍, ഡച്ച് എന്നിവയുള്‍പ്പെടെ വിദേശ ഭാഷകളിലും റാഫിയുടെ സ്വര മാധുരി ലോകം ആസ്വദിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top