
റിയാദ്: ശൂറാ കൗണ്‍സില്‍ അസിസ്റ്റന്റ് സ്പീക്കറായി നിയമനം ലഭിച്ചതില്‍ ഡോ. ഹനാന്‍ ബിന്ത് അബ്ദുറഹിം അല്‍ ഹമാദി ഭരണാധികാരികളെ നന്ദി അറിയിച്ചു. സുപ്രധാന സ്ഥാനം സൗദി വനിതകള്‍ക്കുള്ള പിന്തുണയാണെന്നും അവര്‍ പറഞ്ഞു.
രാജ്യത്തിന്റെ നയരൂപീകരണത്തില്‍ വനിതകള്‍ക്ക് നല്‍കുന്ന പരിഗണനയാണ് നിയമനം വ്യക്തമാക്കുന്നത്. ശൂറ കൗണ്‍സിലിന്റെ മൂന്നാമത്തെ ഉയര്‍ന്ന സ്ഥാനമാണിത്. ദേശീയ നയരൂപീകരണ പ്രക്രിയയില്‍ വനിതകളുടെ പങ്കാളിത്തം സജീവമാക്കും. സമഗ്ര വികസനത്തില്‍ വനിതാ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ തീരുമാനമെടുക്കുന്നതിനും സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രകടനം നിരീക്ഷിക്കുന്നതിനും വനിതകള്‍ക്കു കഴിയുമെന്നും ഡോ. ഹനാന്‍ വ്യക്തമാക്കി.

2014ല്‍ ആദ്യമായി ശൂറയിലേക്ക് വനിതകളെ നിയമിച്ച വേളയില്‍ ഡോ. ഹനാനും അംഗമായിരുന്നു. സാമ്പത്തികം, ഊര്‍ജ്ജം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ ശൂറാ സമിതികളില്‍ അംഗമാണ്. പാര്‍ലമെന്ററി സൗഹൃദ സമിതി അംഗം എന്ന നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റിയാദ് ഇക്കണോമിക് ഫോറം ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ജേണല്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗ, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ സയന്റിഫിക് കൗണ്‍സില്‍ അംഗം, സൗദി മാനേജ്‌മെന്റ് അസോസിയേഷന്‍ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ പദവികളും ഡോ. ഹനാന്‍ വഹിക്കുന്നുണ്ട്. സാംസ്‌കാരിക മന്ത്രാലയം ശാസ്ത്രീയ സമിതി അംഗം, ജനദ്രിയ ഫെസ്റ്റിവല്‍ സാംസ്‌കാരിക ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
കിംഗ് സൗദ് സര്‍വകലാശാലയില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല, തുലെയ്ന്‍ പബ്‌ളിക് ഹെല്‍ത് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ഹെല്‍ത് സര്‍വീസസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
