സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്തി; ശസ്ത്രക്രിയ വിജയകരം

റിയാദ്: സിറിയന്‍ സയാമീസ് ഇരട്ടകളെ റിയാദില്‍ നടന്ന ശസ്ത്രക്രിയയില്‍ വേര്‍പ്പെടുത്തി. ഇഹ്‌സാന്‍, ബസ്സാം എന്നിവരെയാണ് വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. സൗദി നാഷനല്‍ ഗാര്‍ഡിന്റെ റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിക്ക് കീഴിലെ കുട്ടികള്‍ക്കായുള്ള കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. നെഞ്ചിന്റെ താഴത്തെ ഭാഗം, വയര്‍, കരള്‍, കുടല്‍ എന്നിവ ഒട്ടിചേര്‍ന്ന കുട്ടികളുടെ ശസ്ത്രക്രിയ അഞ്ച് ഘട്ടങ്ങളിലായി ഏഴര മണിക്കൂര്‍ സമയം എടുത്താണ് പൂര്‍ത്തിയാക്കിയത്.

ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ 26 അംഗ സംഘമാണ് ശശ്ത്രക്രിയ വിജയകരമായി നിര്‍വഹിച്ചത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും പ്രധാനമന്ത്രി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് മെയ് 22ന് ആണ് മാതാപിതാക്കളോടൊപ്പം എയര്‍ മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനത്തില്‍ സയാമീസ് ഇരട്ടകളെ റിയാദില്‍ എത്തിച്ചത്.

സയാമീസ് ഇരട്ടകളെ വേര്‍പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതി പ്രകാരം വിജയകരമായി ശസ്ത്രക്രിയ നടത്തുന്ന 58-ാമത് ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.

Leave a Reply