Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

റഹിം ധന സമാഹരണത്തിന് ബിരിയാനി ചലഞ്ചും ഏറ്റെടുത്ത് പ്രവാസി സമൂഹം

റിയാദ്: റഹീം ദിയാ ധന സമാഹരണം 13 കോടിയിലേയ്ക്ക് കുതിയ്ക്കുകയാണ്. നാളെ വൈകുന്നേരത്തോടെ ആകെ സമാഹരിക്കേണ്ട തുകയുടെ പകുതി നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റഹീം സഹായ സമിതി. അതിനിടെ, പണം സമാഹരിക്കാന്‍ റിയാദില്‍ പ്രഖ്യാപിച്ച ബിരിയാനി ചലഞ്ചും പ്രവാസി സമൂഹം ഏറ്റെടുത്തു. ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ 20,000 ബിരിയാനി പാര്‍സലുകള്‍ വിത്പന നടത്തി അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം റഹീം ഫണ്ടിലേയ്ക്ക് സ്വരൂപിക്കുകയാണ് ലക്ഷ്യം. രാത്രി 11 വരെ 19,000ത്തിലധികം ഓര്‍ഡറുകളാണ് സമിതി സ്വീകരിച്ചത്. ഈദ് ദിനത്തില്‍ രാവിലെ വരെ ഓര്‍ഡര്‍ സ്വീകരിച്ച് ഡോര്‍ ഡെലിവറി നടത്താനാണ് സംഘാടകരുടെ തീരുമാനം.

റിയാദ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി 300 കിലോ മീറ്റര്‍ ചുറ്റളവില്‍ ബിരിയാനി പാര്‍സലുകള്‍ ഡെലിവറി ചെയ്യും. ഇതിനായി 300 വളന്റിയര്‍ സംഘം സജ്ജമാണ്. റിയാദിലെ മലയാളികളുടെ നേതൃത്വത്തിലുളള ഡ്രൈവേഴ്‌സ് കൂട്ടായ്മ 150തിലധികം വാഹനങ്ങളാണ് ഇതിനായി സൗജന്യ സര്‍വീസ് നടത്തുക. ഒരു വാഹനത്തില്‍ 250 പാര്‍സലുകളാണ് ഡെലിവറി ചെയ്യുക. ഡ്രൈവര്‍ക്കു പുറമെ കോ ഓര്‍ഡിനേറ്റര്‍, ഏരിയാ കോ ഓര്‍ഡിനേറ്റര്‍ എന്നിവരാണ് ഡെലിവറിയ്ക്ക് നേതൃത്വം നല്‍കുക. അല്‍ ഖര്‍ജ്, മുസാമിയ തുടങ്ങി നഗരത്തിന് പുറത്തേയ്ക്കും ഡെലിവറി സൗകര്യം ഒരുക്കിയിട്ടുണ്ട്.

ബിരിയാനി ചലഞ്ച് ഏറ്റെടുത്ത് കുടുംബിനികളും വിവിധ ആശുപത്രികളിലെ നഴ്‌സുമാരും നിരന്തരം വിളിച്ചതോടെ ആറു മണിയോടെ ഓര്‍ഡര്‍ സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു. അല്‍ മാസ് ഓഡിറ്റോറിയത്തില്‍ സിപി മുസ്തഫയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വിവിധ ഏരിയകളിലെ ഓര്‍ഡറുകള്‍ കൂട്ടിയതിന് ശേഷമാണ് വീണ്ടും ഓര്‍ഡര്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

കേളി കലാ സാംസ്‌കാരിക വേദി 4,700 പായ്ക്കറ്റ് ബിരിയാനിയാണ് ഓര്‍ഡര്‍ നല്‍കിയത്. ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി 1800 പായ്ക്കറ്റും നവോദയ 600 പായ്ക്കറ്റും ഓര്‍ഡര്‍ നല്‍കി. രാവിലെ 10 മുതല്‍ ദൂരെ ദിക്കിലേക്കുളള ഡെലിവറി വാഹനങ്ങള്‍ പുറപ്പെടുന്ന രീതിയിലാണ് ക്രമീകരണം.

അന്താരാഷ്ട്ര രംഗത്തെ പ്രമുഖ കാറ്ററിംഗ് ആന്റ് റസ്റ്ററന്റ് ശൃംഖല സ്പാഗോ ഇന്റര്‍നാഷണലാണ് ബിരിയാനി തയ്യാറാക്കുന്നത്. ദക്കാര്‍ റാലി, ഫുട്‌ബോള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ഈവന്റുകള്‍ക്കു ഭക്ഷണ വിഭവങ്ങള്‍ വിതരണം ചെയ്ത് പരിചയസമ്പത്തുളള കമ്പനിയാണിത്. ഗുണനിലവാരമുളള ഭക്ഷണം ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി നിശ്ചിത സമയത്ത് തയ്യാറാക്കാന്‍ കഴിയും എന്നതുകൊണ്ടാണ് സ്പാഗോയുമായി റഹിം സഹായ സമിതി കൈകോര്‍ത്തത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലേബര്‍ ക്യാമ്പുകളിലേക്ക് ബിരിയാനി പാര്‍സലുകള്‍ എത്തിക്കുന്നതിന് പുറമെ മിനിമം അഞ്ച് പായ്ക്കറ്റ് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്കും ചലഞ്ചില്‍ പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top