റിയാദ്: റിയാദിലെ പ്രവാസി മലയാളികള്‍ ബിരിയാനി ചലഞ്ചിന്റെ മധുരം നുണഞ്ഞാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചത്. വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന റഹീമിനെ മോചിപ്പിക്കാന്‍ ധനസമാഹരണത്തിന് പ്രഖ്യാപിച്ച ബിരിയാനി ചാലഞ്ച് മലയാളി കൂട്ടായ്മകളുടെ കരുതലിന്റെ കരുത്തായി മാറി. ഇതോടെ പ്രതീക്ഷിച്ച ലക്ഷ്യം നേടാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.
റിയാദ് റഹിം നിയമ സഹായ സമിതിയാണ് ദിയാ ധനം സ്വരൂപിക്കാന്‍ ബിരിയാനി ചാലഞ്ച് പ്രഖ്യാപിച്ചത്. 25 റിയാലിന് 20,000 പായ്ക്കറ്റ് ബിരിയാനിയാണ് വിതരണം ചെയ്തത്. നാല് ടണ്‍ അരിയുടെ ചിക്കന്‍, ബീഫ് ബിരിയാനി തയ്യാറാക്കിയത് പ്രമുഖ കാറ്ററിംഗ് ആന്റ് റസ്റ്ററന്റ് ശൃംഖല സ്പാഗോ ഇന്റര്‍നാഷണലാണ്.
റിയാദ് പ്രവിശ്യയിലെ 250 കിലോ മീറ്റര്‍ ചുറ്റളവില്‍ ബിരിയാനി പാര്‍സലുകള്‍ വിതരണം ചെയ്തു. 300 വളന്റിയര്‍മാരുടെ നേതൃത്വത്തിലായിരുന്നു വിതരണം. മലയാളി ഡ്രൈവേഴ്‌സ് കൂട്ടായ്മ 150 വാഹനങ്ങള്‍ ബിരിയാനി പാര്‍സല്‍ വിതരണം ചെയ്യുന്നതിന് സൗജന്യ സര്‍വീസ് നടത്തി.
ഇന്ന് പുലര്‍ച്ചെ 5 മുതല്‍ ആരംഭിച്ച ദൗത്യം ഉച്ചയോടെ പൂര്‍ത്തിയാക്കി. ചലഞ്ചില്‍ പങ്കെടുത്ത 99.9 ശതമാനും ആളുകളിലും പാര്‍സല്‍ എത്തിക്കാന്‍ കഴിഞ്ഞു.
കേളി കലാ സാംസ്‌കാരിക വേദി 26 വാഹങ്ങളിലായി ഹോത്ത, ഹരീക്, മജ്മ, അല്‍ ഖുവയ്യ എന്നിവിടങ്ങളില്‍ ബിരിയാനി പാര്‍സലുകള്‍ വിതരണം ചെയ്തു. 4,841 ബിരിയാനി പായ്ക്കറ്റുകളാണ് കേളി വിതരണം ചെയ്തത്.
രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മലിന്റെ നേതൃത്വത്തില്‍
109 വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കി. മലപ്പുറം ജില്ലാ ഒഐസിസി രണ്ടായിരത്തിലധികം പാര്‍സലുകള്‍ വാങ്ങി ചലഞ്ചില്‍ ശ്രദ്ധനേടി.
പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പന്‍ നേതൃത്വം നല്‍കി. കുമ്മിള്‍ സുധീറിന്റെ നേതൃത്വത്തില്‍ നവോദയ സാംസ്‌കാരിക വേദി അറുനൂറ് പായ്ക്കറ്റ് വാങ്ങി വിതരണം ചെയ്തു. ഇന്നലെ മുതല്‍ വിവിധ പ്രവാസി കൂട്ടായ്മാ പ്രതിനിധികളുടെ അക്ഷീണ പ്രയത്‌നമാണ് ചലഞ്ച് ലക്ഷ്യത്തിലെത്താന്‍ സഹായിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.