റിയാദ്: റഹീം സഹായ നിധി പത്ത് കോടിയിലേയ്ക്ക്. ഇന്നലെ രാത്രി ആറു കോടി രൂപയാണ് സേവ് അബ്ദുല്‍ റഹീം ആപ് വഴി സ്വീകരിച്ചത്. 18 മണിക്കൂറിനിടെ നാല് കോടി രൂപ കൂടി സ്വരൂപിക്കാന്‍ കഴിഞ്ഞതോടെ റഹീം നിയമ സഹായ സമിതി പ്രവര്‍ത്തകരുടെ ആത്മ വിശ്വാസം വര്‍ധിച്ചു.
മുസ്‌ലിം സംഘടനാ നേതാക്കള്‍ ഈദ് ദിനത്തില്‍ റഹീം നിധിയിലേയ്ക്ക് സംഭാവന നല്‍കണമെന്ന് സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ബോബി ചെമ്മട്ടൂരിന്റെ നേതൃത്വത്തില്‍ കേരളത്തിലെ തെരുവുകളില്‍ പ്രചാരണവും ധന സമാഹരണവും നടത്തുന്നുണ്ട്. റിയാദില്‍ നാളെ ബിരിയാനി ചലഞ്ച് നടക്കും. 20,000 പാര്‍സലുകള്‍ വിതരണം ചെയ്യാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഒഐസിസി, കെഎംസിസി ജില്ലാ കമ്മറ്റികള്‍ ധന സമാഹരണത്തിന് പ്രത്യേക പരിപാടികളും ക്യാമ്പയ്‌നുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും പ്രാദേശിക പ്രവാസി കൂട്ടായ്മകളും സേവ് റഹീം ഫണ്ടിലേയ്ക്ക് സഹായം എത്തിക്കുന്നുണ്ട്. റിയാദിലും പരിസര പ്രദേശങ്ങളിലും പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ച് റഹീം സഹായ സമിതി വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
പ്രവാസ ചരിത്രത്തില്‍ ഇത്രയും ഭീമമായ തുക സമാഹരിക്കാന്‍ മലയാളി സമൂഹം ഒരുമിച്ചിറങ്ങിയത് ആദ്യമാണ്. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ചേര്‍ത്തുപിടിക്കലിന്റെ കരുത്താണ് ഓരോ നിമിഷവും സഹായ നിധിയിലേയ്ക്ക് ഒഴുകുന്ന തുകയെന്ന് റഹീം സഹായ സമിതി വളന്റിയര്‍മാര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.