
റിയാദ്: ചോര നീരാക്കി രണ്ടു പതിറ്റാണ്ടിലേറെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നു ലഭിക്കാനുളള സേവനാനന്തര ആനുകൂല്യത്തിന് കാത്തിരുന്നത് ഏഴു വര്‍ഷം. സ്വപ്‌നങ്ങളും പ്രതീക്ഷകളും കടപുഴകി ദുരിത ജീവിതത്തിനൊടുവില്‍ മടങ്ങുകയാണ് കണ്ണൂര്‍ അഴീക്കോട് സ്വദേശി ജാബിര്‍. കമ്പനി പൂട്ടുന്ന സമയത്ത് ഇഖാമ കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രമേ ബാക്കി ഉണ്ടായിരുന്നുളളൂ. ഇതിനിടെ സേവനാനന്തര ആനുകൂല്യം നേടാന്‍ കേസ് ഫയല്‍ ചെയ്തു. കേസ് വിധി വന്നതുമില്ല ഇഖാമ കാലാവധി തീരുകയും ചെയ്തു. കമ്പനി ഇഖാമ പുതുക്കി നല്‍കിയതുമില്ല. ഇതോടെ പെരുവഴിയിലായി.

ജാബിര്‍ 1997ലാണ് റിയാദില്‍ എത്തിയത്. നാട്ടില്‍ ഫര്‍ണിച്ചര്‍ തൊഴിലാളിയായിരുന്നു. റിയാദിലെ പ്രമുഖ കമ്പനിയിലായിരുന്നു ജോലി. 1200റിലധികം തൊഴിലാളികള്‍. മാന്യമായ ശമ്പളവും ഓവര്‍ടൈമും കൃത്യമായി ലഭിച്ചിരുന്നു.
2018ലാണ് ജാബിര്‍ അവസാനം നാട്ടില്‍ പോയത്. 84 വസ്സുള്ള ഉമ്മയും ഭാര്യയും, മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ്. വിവിധ ജോലികള്‍ ചെയ്താണ് കഴിഞ്ഞ ആറു വര്‍ഷം തളളിനീക്കിയത്. മൂത്തമകന്‍ അടുത്തിടെ ജോലി തേടി ദുബായില്‍ പോയി. ആനുകൂല്യം ലഭിച്ചില്ലെങ്കിലും നാടണയാന്‍ രേഖകള്‍ ശരിയായതോടെ കേസ് നടത്താന്‍ ഇന്ത്യന്‍ എംബസി മുഖേന ബന്ധുവിനെ ചുമതലപ്പെടുത്തിയാണ് ജാബിര്‍ മടങ്ങുന്നത്.

കമ്പനി നേരിട്ട പ്രതിസന്ധിയാണ് ജാബിറിനും തിരിച്ചടിയായത്. തൊഴിലാളികളിലേറെയും എക്‌സിറ്റ് വീസ ആവശ്യപ്പെട്ടു. ആദ്യ കാലങ്ങളില്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കി എക്‌സിറ്റ് നേടി. പിന്നീടുള്ള വര്‍ക്ക് എക്‌സിറ്റ് നല്‍കിയെങ്കിലും ആനുകൂല്യം നാട്ടിലേക്ക് അയച്ചു നല്‍കാമെന്ന ധാരണയില്‍ മടങ്ങി.
കമ്പനി പൂര്‍ണമായും പ്രതിസന്ധിയിലായതോടെ തൊഴിലാളികള്‍ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും എംബസ്സിയെ ചുമതലപ്പെടുത്തി നാട്ടിലേക്ക് മടങ്ങി. ചിലര്‍ മറ്റു കമ്പനിയിലേക്ക് തൊഴില്‍ മാറി.
കമ്പനിയുടെ പ്രതിസന്ധിക്ക് പിന്നാലെ കൊറോണ മഹാമാരിയും പൊട്ടി പുറപ്പെട്ടതോടെ ഇഖാമ കാലാവധി തീര്‍ന്ന നിരവധി പേര്‍ ബാക്കിയായി. കേസ് തീര്‍ന്ന് കമ്പനിയില്‍ നിന്നു ലഭിക്കാനുള്ള തുകയും വാങ്ങി നാടണയാനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 7 വര്‍ഷം പിന്നിടുന്നു.

കമ്പനി നല്‍കിയ റൂമുകളില്‍ തന്നെയാണ് ഇപ്പോഴും ഇവരുടെ താമസം. എംബസിയും കോടതിയും നല്‍കിയ പേപ്പറുകളുടെ ബലത്തിലാണ് റൂമുകളില്‍ താമസിക്കുന്നത്. വെള്ളം, വൈദ്യുതി എന്നിവക്കുളള തുക അടയ്ക്കുന്നത തൊഴിലാളികളാണ്. ഇഖാമയും ആരോഗ്യ ഇന്‍ഷുറന്‍സും ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമല്ല.

നിലവില്‍ 74 തൊഴിലാളികളാണ് ക്യാമ്പില്‍ ഉള്ളത്. നാല് മലയാളികള്‍ ഉള്‍പ്പെടെ 15 ഇന്ത്യക്കാര്‍, പാക്കിസ്ഥാന്‍, ഈജിപ്ത്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. കണ്ണൂര്‍ സ്വദേശികളായ ജാബിര്‍, ഹംസ, ഹരിദാസന്‍, തിരുവനന്തപുരം സ്വദേശി രാജേന്ദ്രന്‍ എന്നിവരാണ് മലയാളികള്‍. ഇന്ത്യന്‍ എംബസി മുഖേന ചികിത്സയും മരുന്നുമൊക്കെ ലഭിച്ചിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. നട്ടില്‍ പോകാനുള്ള രേഖകള്‍ ശരിയാക്കുന്നതിന്ന് ഇന്ത്യന്‍ എംബസ്സിയുടെ ഭാഗത്തുനിന്നു സഹായം ലഭിക്കുന്നതായും അവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.