
ദമ്മാം: ഇന്ത്യ-സൗദി ഉഭയകക്ഷി പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിന് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഐസിജിഎസ് സമുദ്ര പഹെര്‍ദാര്‍ കപ്പല്‍ ദമ്മാം കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്ത് എത്തി. കപ്പലില്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ക്ഷണിക്കപ്പെട്ട അതിഥികക്ക് സ്വീകരണവും ഒരുക്കി.
ഇരു രാജ്യങ്ങളിലെയും ഭരണ നേതൃത്വം നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിലൂടെ നേടിയെടുത്ത സഹകരണത്തിന്റെ പ്രാധാന്യം അംബാസഡര്‍ ഡോ. ഔസാഫ് സയീദ് കപ്പലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എടുത്തുപറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനം ഇന്ത്യയും സൗദിയും തമ്മിലുള്ള പങ്കാളിത്തം വിപുലീകരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലുകളാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബറില്‍ സൗദി സന്ദര്‍ശിച്ചതും അംബാസഡര്‍ എടുത്തുപറഞ്ഞു.സൗദി 100 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 170,000 ല്‍ നിന്ന് 200,000 ആയി ഉയര്‍ന്നു. ചെറിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെ് സൗദി ജയിലുകളില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുക, വിഷന്‍ 2030 പരിഷ്‌കരണ പദ്ധതിയില്‍ രാജ്യത്തിന്റെ തന്ത്രപരമായ പങ്കാളി രാജ്യങ്ങളിലൊന്നായി ഇന്ത്യയെ തെരഞ്ഞെടുത്തതും അംബാസഡര്‍ വിശദീകരിച്ചു. 2012 ജൂലൈയില്‍ അന്നത്തെ നാവികസേനാ മേധാവി അഡ്മിറല്‍ നിര്‍മ്മല്‍ വര്‍മ്മ നിയോഗിച്ച മലിനീകരണ നിയന്ത്രണ കപ്പലാണ് സമുദ്ര പഹെര്‍ദാര്‍. 94 മീറ്റര്‍ നീളമുള്ള കപ്പലിന് 4,000 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. 14 ഉദ്യോഗസ്ഥരും 100 സ്‌പെഷ്യലിസ്റ്റ് ജീവനക്കാരും കപ്പലില്‍ ജോലി ചെയ്യുന്നുണ്ട്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
