
റിയാദ്: സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ സ്ഥാനാരോഹണത്തിന് ആറു വര്‍ഷം. രാജ്യം കണ്ടതില്‍ ഏറ്റവും മികച്ച പരിഷ്‌കരണങ്ങള്‍ക്കും വികസനങ്ങള്‍ക്കുമാണ് സല്‍മാന്‍ രാജാവിന്റെ ഭരണ സാരഥ്യം സാക്ഷ്യം വഹിക്കുന്നത്.
2015 ജനുവരി 23ന് ആണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സൗദി അറേബ്യയുടെ ഭരണസാരഥ്യം ഏറ്റെടുത്തത്. ഹിജ്‌റ കലണ്ടര്‍ പ്രകാരം ആറു വര്‍ഷം പൂര്‍ത്തിയായി. അബ്ദുല്ലാ രാജാവിന്റെ വിയോഗത്തെ തുടര്‍ന്നാണ് കിരീടാവകാശിയായിരുന്ന സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജ്യത്തിന്റെ ഏഴാമത് ഭരണ സാരഥ്യം ഏറ്റെടുത്തത്.

1963 മുതല്‍ 2011 വരെ 48 വര്‍ഷം തലസ്ഥാനമായ റിയാദിന്റെ ഗവര്‍ണറായി സേവനം അനുഷിടിച്ചു. പ്രതിരോധമന്ത്രി, ഉപപ്രധാനമന്ത്രി, കിരീടാവകാശി തുടങ്ങിയ പദവികളിലും ഭരണ പാടവം തെളിയിച്ചു. ആറു വര്‍ഷത്തിനിടെ രാജ്യത്തിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയില്‍ വന്‍ പരിഷ്‌കരണമാണ് സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ നടന്നത്. സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും വനിതാ ശാക്തീകരണ പദ്ധതികള്‍ക്കും മികച്ച പ്രോത്സാഹനമാണ് സല്‍മാന്‍ രാജാവ് നല്‍കുന്നത്. ജനക്ഷേമം, ആരോഗ്യ സുരക്ഷ, വിനോദം തുടങ്ങിയ മേഖലയിലും വന്‍ കുതിച്ചു ചാട്ടമാണ് രാജ്യം കൈവരിച്ചത്. വ്യവസായ മേഖലയില്‍ വന്‍ നിക്ഷേപം രാജ്യത്ത് കൊണ്ടുവരാനും സല്‍മാന്‍ രാജാവിന്റെ ഭരണ നേതൃത്വത്തിന് കഴിഞ്ഞു.
പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതികളാണ് നടപ്പിലാക്കിയത്. നിയോം പദ്ധതി. ഖിദ്ദിയ വിനോദ നഗരം, വിഷന്‍ 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതി എന്നിവയെല്ലാം സൗദിയെ വികസിത രാജ്യങ്ങളുടെ മുന്‍ നിരയിലെത്തിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഭരണ നേതൃത്വത്തിന് കഴിഞ്ഞു എന്നതിന് ഉദാഹരണങ്ങളാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
