നൗഫല്‍ പാലക്കാടന്‍
റിയാദ്: സൗദിയില്‍ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നൈപുണ്യ പരിശോധന ആരംഭിച്ചു. അര മണിക്കൂര്‍ തിയറിയും ഒരു മണിക്കൂര്‍ പ്രാക്ടിക്കലും ഉള്‍പ്പെടുന്ന പരീക്ഷയാണ് ആരംഭിച്ചത്. കേരളത്തില്‍ അങ്കമാലിയിലുള്ള ഇറാം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് പരീക്ഷ കേന്ദ്രം.
തെരഞ്ഞെടുത്ത തസ്തികകളില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനാണ് നൈപുണ്യ പരീക്ഷ. ഒരു തവണ പരാജപെട്ടാല്‍ വീണ്ടും അവസരം ലഭിക്കും. ഇവര്‍ പരീക്ഷ ഫീസായി നല്‍കുന്ന 50 ഡോളര്‍ (4100 രൂപ) വീണ്ടും അടക്കേണ്ടി വരും. സൗദി തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള തകാമുല്‍ വിഭാഗം നേരിട്ടാണ് പരീക്ഷ നടത്തുന്നത്. സൗദി കോണ്‍സിലേറ്റിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പരീക്ഷ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു പുറമെ സി സി ടി വി നിരീക്ഷണവും ഉണ്ടാകും. ഇംഗ്‌ളീഷ്, തമിഴ്, ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളിലാണ് ചോദ്യാവലികള്‍. നിലവില്‍ മലയാളം ഉള്‍പ്പെടുത്തിയിട്ടില്ല.
https://svp-international.pacc.sa എന്ന വെബ്‌സൈറ്റില്‍ പാസ്‌പ്പോര്‍ട്ട് നമ്പര്‍, ഇ മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, പ്രൊഫഷന്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കി പരീക്ഷ തിയ്യതി, സമയം എന്നിവക്ക് അപ്പോയ്ന്റ്‌മെന്റ് നേടാം. നിശ്ചിത സമയത്ത് രേഖകളുമായി പരീക്ഷ ഹാളില്‍ എത്തണം.
തൊഴില്‍ പരിചയമുളള തസ്തികയില്‍ പരീക്ഷ എളുപ്പമാണെന്ന് വിജയിച്ചവര്‍ പറയുന്നു. അതെ സമയം വിസ അടിക്കാന്‍ വേണ്ടി മാത്രം പ്രൊഫഷനുമായി ബന്ധമില്ലാത്തവര്‍ പരീക്ഷക്കെത്തിയാല്‍ കുഴങ്ങും. ഇലക്രീഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍, ആട്ടോമോട്ടിവ് ഇലക്രീഷ്യന്‍, എ സി മെക്കാനിക്ക് തുടങ്ങി അഞ്ച് തസ്തികകളിലേക്കാണ് കൊച്ചിയിലെ കേന്ദ്രത്തില്‍ പരീക്ഷ. വിജയികള്‍ക്ക് അന്നു തന്നെ സെര്‍ട്ടിഫിക്കറ്റ് ഇമെയില്‍ വഴി ലഭിക്കും. സെര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഉള്‍പ്പെടെയാണ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കേണ്ടത്. പ്രാബല്യത്തിലായ പുതിയ നിയമ പ്രകാരം വിസ സ്റ്റാമ്പ് ചെയ്ത് തൊഴിലാളികള്‍ സൗദിയിലേക്ക് എത്തി തുടങ്ങി. 71 പ്രൊഫഷനുകളിലേക്കാണ് സൗദിയിലേക്ക് നിലവില്‍ നൈപുണ്യ പരീക്ഷയുള്ളത്. കൊച്ചിയില്‍ കൂടുതല്‍ പ്രൊഫഷനുകളിലേക്കുള്ള പരീക്ഷ ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.