
റിയാദ്: ദ്വിദിന മാധ്യമ സമ്മേളനം റിയാദില്‍ സമാപിച്ചു. ‘മാധ്യമ വ്യവസായം-അവസരങ്ങളും വെല്ലുവിളികളും’ എന്ന പ്രമേയമാണ് സമ്മേളനം ചര്‍ച്ച ചെയ്തത്. ദേശീയ, അന്തര്‍ ദേശീയ രംഗത്തെ ആയിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. റിയാദില്‍ മീഡിയാ സിറ്റി സ്ഥാപിക്കുമെന്ന് മീഡിയാ മന്ത്രി തുര്‍ക്കി അല്‍ ശബാന പറഞ്ഞു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പ്രാദേശിക ടെലിവിഷന്‍ ചാനലുകളും റേഡിയോ സ്‌റ്റേഷനുകളും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

32 രാജ്യങ്ങളില്‍ നിന്നുളള മാധ്യമ പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ടെലിവിഷന്‍, അച്ചടി മാധ്യമ രംഗത്തെ വെല്ലുവിളികള്‍ ഉള്‍പ്പെടെ 50 സെഷനുകളില്‍ ചര്‍ച്ചകള്‍ നടന്നു. വാര്‍ത്താ വിനിമയ രംഗത്ത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പരമ്പരാഗത മാധ്യമങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും സമ്മേളനം വിശകലനം ചെയ്തു.

വാര്‍ത്തകളുടെ വിശ്വാസ്യത, നുണ പ്രചാരണങ്ങള്‍ക്കെതിരെയുളള മാധ്യമങ്ങളുടെ പങ്ക്, മീഡിയാ ഇന്‍വെസ്റ്റ്‌മെന്റ്, പരസ്യ വരുമാനം തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് വിദഗ്ദര്‍ നേതൃത്വം നല്‍കി. സര്‍ക്കാര്‍ സഹകരണത്തോടെ സൗദി ജേര്‍ണലിസ്റ്റ് അസോസിയേഷനാണ് മാധ്യമ സമ്മേളനം സംഘടിപ്പിച്ചിട്ടുളളത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.