
റിയാദ്: പശ്ചിമേഷ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് റിയാദിലെത്തി. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍, സഹധര്‍മ്മിണി റിസോള്‍ ജു എന്നിവരെ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിക്കുകയും ചെയ്തു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചായിരുന്നു പരിപാടി. ഇരു നേതാക്കളുടെ ഹസ്തദാനവും ഒഴിവാക്കി. ദേശീയ, അന്തര്‍ദേശീയ സംഭവങ്ങളും ഗള്‍ഫ് മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
ഊര്‍ജം, പുനരുപയോഗ ഊര്‍ജം, ആരോഗ്യം, ശാസ്ത്ര-സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടെ ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കും. ഇതിനുളള കരാറും ഒപ്പുവെക്കും. പൈതൃക നഗരമായ ദിരിയ കൊറിയന്‍ പ്രസിഡന്റ് സന്ദര്‍ശിക്കും. യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മൂണ്‍ ജെ ഇന്‍ സൗദിയിലെത്തിയത്. കൊറിയന്‍ വിദേശകാര്യ മന്ത്രി യുയി യോങ് ചുങ്, വാണിജ്യ,വ്യവസായ,ഊര്‍ജ മന്ത്രി സുങ് വൂക്ക് മൂണ്‍, ഫോറിന്‍ പോളിസി സെക്രട്ടറി യോങ് ഹ്യൂന്‍ കിം, സൗദിയിലെ കൊറിയന്‍ അംബാസഡര്‍ ജോണ്‍ യങ് പാര്‍ക്ക് തുടങ്ങി പ്രമുഖരും പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.





