Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

സ്‌പോണ്‍സറുടെ സ്‌നേഹപ്രകടനം; കൊവിഡും തോല്‍ക്കും

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യക്കാരന് തൊഴിലുടമയുടെ സഹായഹസ്തം. രണ്ടുമാസത്തിലധികം ആശുപത്രിയില്‍ കഴിഞ്ഞ ഉത്തര്‍പ്രദേശ് ലക്‌നോ സ്വദേശി ശഹാബുദ്ദീന് വിദഗ്ദ ചികിത്സ നല്‍കി. ഷഹാബുദ്ദീനെ ആലിംഗനം ചെയ്ത് യാത്രയാക്കിയ സ്‌പോണ്‍സര്‍ സുലൈമാന്‍ ഹസന്‍ അല്‍ ദോസരി നാട്ടിലേക്ക് കൊണ്ടുപോകാനുളള സാധനങ്ങളും അയ്യായിരം റിയാല്‍ ഉപഹാരവും സമ്മാനിച്ചു.

ഹൗസ് ഡ്രൈവറായ ഷിഹാബുദ്ദീനെ ആദ്യം കിംഗ് സല്‍മാന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌പോണ്‍സറുടെ നിര്‍ദേശ പ്രകാരം വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ലക്ഷത്തി അറുപതിനായിരം റിയാലാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് ചെലവായത്. രണ്ടര മാസത്തെ ചികിത്സക്കു ശേഷം യാത്രചെയ്യാന്‍ കഴിയുന്ന വിധം ആരോഗ്യം വീണ്ടെടുത്തു. ഇതോടെ ശഹാബുദ്ദീനെ നാട്ടിലെത്തിക്കാന്‍ സ്‌പോണ്‍സര്‍ ശ്രമം ആരംഭിച്ചു. ശുമേസി ആശുപത്രിയിലെ സൗദേശിയായ സുഹൃത്തുവഴി സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിനെ ബന്ധപ്പെട്ടു. അദ്ദേഹം എംബസിയുമായി സഹകരിച്ച് വന്ദേ ഭാരത് മിഷന്‍ സര്‍വീസില്‍ യാത്രക്കുളള സൗകര്യം ഒരുക്കി. സഹായത്തിന് കൂടെ യാത്ര ചെയ്യുന്നയാള്‍ക്കും സ്‌പോണ്‍സര്‍ ടിക്കറ്റ് നല്‍കി.

പുലര്‍ച്ചെ ആറിനുളള വിമാനത്തില്‍ യാത്ര പുറപ്പെടുന്നതിന് തലേദിവസം രാത്രി തന്നെ സ്‌പോണ്‍സര്‍ ആശുപത്രിയിലെത്തി. എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിയുന്നതുവരെ അനുഗമിച്ചു. പത്തുവര്‍ഷമായി ദോസരി കുടുംബത്തിനൊപ്പമാണ് ഷഹാബുദ്ദീന്‍. കുടുംബത്തിലെ അംഗമാണെന്നും സഹോദര തുല്യമാണ് ഷിഹാബുദ്ദീനെന്നും സ്‌പോണ്‍സര്‍ പറഞ്ഞു. പ്രവാസ ലോകത്ത് ജീവിതം കരുപ്പിടിപ്പാക്കാന്‍ സ്വപ്നങ്ങളുമായി എത്തി ദുരിതത്തിലായ അനുഭവങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കാണുകയും ഇടപെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം അനുഭവം ആദ്യമാണെന്ന് ഷിഹാബ് കൊട്ടുകാട് പറഞ്ഞു. കൊവിഡ് കാലത്തും തൊഴിലാളിയെ ആലിംഗനം ചെയ്ത് സ്‌നേഹ പ്രകടിപ്പിച്ചത് അത്ഭുതപ്പെടുത്തി. മനുഷ്യ സ്‌നേഹത്തിന്റെ ഉത്തമ മാതൃകയാണ് സുലൈമാന്‍ ഹസന്‍ അല്‍ ദോസരിയില്‍ കണ്ടത്. ഇത് മാതൃകയാണെന്നും കണ്ടുപഠിക്കേണ്ടതാണെന്നും ഷിഹാബ് കൊട്ടുകാട് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top