
വാദി ദവാസിര്‍: ഒന്നര വര്‍ഷത്തെ ദുരിത പര്‍വ്വത്തിനൊടുവില്‍ മലയാളികള്‍ നാടണഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടിലേക്കു മടങ്ങാന്‍ അവസരം ഒരുങ്ങിയത്.
തിരുവനന്തപുരം കാട്ടാക്കട അരുണ്‍ രാജ്, കൊല്ലം കൊട്ടാരക്കര അനീഷ് എന്നിവരാണ് മടങ്ങിയത്. റിക്രൂടിംഗ് ഏജന്‍സിക്കു വന്‍തുക നല്‍കിയാണ് ഇവര്‍ സൗദിയിലെത്തിയത്. കുടിവെള്ള വിതരണ കമ്പനിയിലായിരുന്നു ജോലി.

ഇവര്‍ക്കു ഇഖാമയും വര്‍ക് പെര്‍മിറ്റും നേടിയിരുന്നില്ല. തുടങ്ങത്തില്‍ ശമ്പളം ലഭിച്ചിരുന്നു. ഒന്നര വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ താമസസ്ഥലത്ത് ദുരിതത്തിലായിരുന്നു. തൊഴിലുടമയില്‍ നിന്നു സഹായം ലഭിക്കാതായതോടെ ദൈനംദിന ചെലവുകള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരും സുമനസ്സുകളും സഹായിച്ചു. നാട്ടിലേക്കു മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തൊഴിലുടമ പരിഗണിച്ചില്ല.
സോഷ്യല്‍ ഫോറം നിയമ സഹായം നല്‍കി. ഇതില്‍ പ്രകോപിതനായ തൊഴിലുടമ ഇവര്‍ക്കെതിരെ വ്യാജ പരാതി നല്‍കി. ഇഖാമ നേടണമെന്ന് കോടതി ആവശ്യപ്പെട്ടു. വിമുഖതകാട്ടിയതോടെ കോടതി ത സ്‌പോണ്‍സര്‍ക്കുളള സര്‍ക്കാര്‍ സര്‍വീസുകള്‍ നിര്‍ത്തി. സ്‌പോന്‌സറുടെ മകനുമായി ഫോറം വെല്‍ഫെയര്‍ ഇന്‍ ചാര്‍ജ് ലത്തീഫ് മാനന്തേരി സംസാരിക്കുകയും രമ്യമായി പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. ഫൈനല്‍ എക്‌സിറ്റ് നല്‍കുകയും ശമ്പളക്കുടിശ്ശികയും വിമാനടിക്കറ്റും നല്‍കുകയും ചെയ്തു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരുനനാഗപ്പള്ളിയോടൊപ്പം റിയാദില്‍ നിന്നു തിരുവന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്‌പ്രെസ്സില്‍ ഇരുവരും യാത്രയായി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.