
റിയാദ്: വീസ ഏജന്റിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങിയ നാല് മലയാളി യുവാക്കള്‍ റിയാദില്‍ കുടുങ്ങി. ദുരിതങ്ങള്‍ക്കൊടുവില്‍ തൊഴിലുടമയ്ക്കു 36,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിതരായി. എറണാകുളം അങ്കമാലി സ്വദേശി രാഹുല്‍, തൃശൂര്‍ ചാലക്കുടി സ്വദേശി അഭി ഷേക്, പത്തനംതിട്ട സ്വദേശി ചിക്കു, കോട്ടയം മുണ്ടക്കയം സ്വദേശി അഖില്‍ എന്നിവരാണ് ചതിയില്‍പെട്ടത്. എറണാകുളം സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഹുല്‍ നെല്ലിക്കുഴിയാണ് വീസ തരപ്പെടുത്തിയതെന്ന് റിയാദ് ഇന്ത്യന്‍ എംബസിക്കു നല്‍കിയ പരാതിയില്‍ പറഞ്ഞു.

റിയാദ് എക്‌സിറ്റ് 18ലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയില്‍ ഹെവി ഡ്രൈവര്‍ ജോലിക്കെത്തിയ യുവാക്കള്‍ക്ക് 1500 റിയാല്‍ ശമ്പളം, താമസം, ഭക്ഷണം, ട്രിപ് അലവന്‍ എന്നിവയാണ് ഏജന്റ് വാഗ്ദാനം ചെയ്തത്. എന്നാല്‍ 400 റിയാല്‍ മാത്രമാണ് ശമ്പളം നല്‍കിയത്. ശുദ്ധജലം ലഭ്യമല്ലാത്ത വൃത്തിഹീനമായ താത്ക്കാലിക താമസ സൗകര്യമാണ് ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. ചതിയില്‍ പെട്ടെന്ന് മനസ്സിലായതോടെ കേളി സാംസ്‌കാരിക വേദിയെ സമീപിച്ച് സഹായം തേടി.

എംബസി ചുമതലപ്പെടുത്തിയതിനെതുടര്‍ന്ന് കമ്പനിയുമായി സംസാരിക്കുന്നതിന് കേളി ജീവകാരുണ്യ കമ്മറ്റി അംഗം പിഎന്‍എം റഫീക്കിനെ ചുമതല പെടുത്തി. വാഗ്ദാനം ചെയ്ത ആനുകൂല്യം ലഭിക്കാത്തതിനാല്‍ ജോലിയില്‍ നിന്നു മാറി നിന്നതോടെ തൊഴിലുടമ താമസ സ്ഥലത്തു നിന്നു പുറത്താക്കി. മാത്രമല്ല, ഓരോ തൊഴിലാളിയും 14,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ക്കെതിരെ കേസും ഫയല്‍ ചെയ്തു.

പിഎന്‍എം റഫീക്കിന്റെ നേതൃത്വത്തില്‍ കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ മുള്ളുര്‍ക്കര, നാസര്‍ പൊന്നാനി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, എന്നിവര്‍ കമ്പനിയുമായി മധ്യസ്ഥ ശ്രമം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിസക്കും ടിക്കറ്റിനും കമ്പനിക്ക് ചെലവായ 9000 റിയാല്‍ ഓരോരുത്തരും നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്നറിയിച്ചു. നാട്ടില്‍ നിന്നു കമ്പനിക്ക് നല്‍കേണ്ട തുക എത്തിച്ചാണ് കേസ് പിന്‍വലിച്ചത്.

മൂന്ന് പേര്‍ നാട്ടിലേക്ക് മടങ്ങുകയും ഒരാള്‍ റിയാദില്‍ തന്നെ മറ്റൊരു ജോലി കണ്ടെത്തുകയും ചെയ്തു. നാട്ടില്‍ സ്വകാര്യ ബസ്സുകളില്‍ ജോലി ചെയ്തിരുന്ന യുവാക്കള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസം തെരഞ്ഞെടുത്തത്. കേളിയുടെ സഹായത്തിന് നന്ദി പറഞ്ഞ യുവാക്കള്‍ ഏജന്റ് മുഹമ്മദ് ഷാഹുലിനെതിരെ വഞ്ചനക്കും നഷ്ട പരിഹാരത്തിനും പരാതി നല്‍കുമെന്നും അറിയിച്ചു.
തൊഴില്‍ കരാറില്ലാതെ ജോലിക്കെത്തിയതാണ് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിതരായത്. രേഖാമൂലം അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാര്‍ ഇല്ലാതെ ഏജന്റിന്റെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് തൊഴില്‍ തേടി എത്തുന്നവര്‍ക്കുളള മുന്നറിയിപ്പാണിതെന്ന് കേളി പ്രവര്‍ത്തകര്‍ പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.