മിദ്‌ലാജ് വലിയന്നൂര്‍
ബുറൈദ: അല്‍ റാസ് ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആലപ്പുഴ പുളിങ്ങോട് സുജ സുരേന്ദ്രന്റെ (26) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. നാളെ ദുബായിലെത്തിക്കുന്ന ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 10ന് കൊച്ചി നെടുമ്പാരേശി വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഠിനമായ തലവേദനയെ തുടര്‍ന്ന് ജൂണ്‍ 14ന് ആണ് സുജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്കുളള യാത്രക്കിടെ ചര്‍ദ്ദി അനുഭവപ്പെടുകയും അര്‍ദ്ധബോധാവസ്ഥയിലാവുകയും ചെയ്തു. പല്ലുകള്‍ അമര്‍ന്ന് നാവിന് മുറിവേറ്റതായും കണ്ടെത്തി. പൂര്‍ണ ആരോഗ്യവതിയായിരുന്ന സുജക്ക് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. സി.ടി ബ്രെയ്ന്‍ സ്‌കാനിംഗില്‍ ഇന്‍ട്രാ സെറിബ്രല്‍ ഹെമറേജ് (ഐസിഎച്) ആണെന്ന് കണ്ടെത്തി. മസ്തിഷ്‌ക കലകളിലെ രക്തസ്രാവം മൂലം ഉണ്ടാകുന്ന ഐസിഎച് ജീവന്‍ അപകടത്തിലാക്കാന്‍ കഴിയുന്ന സ്‌ട്രോക്ക് ആണ്. ഇതിനിടെ മൂന്നുതവണ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തി. വിദഗ്ദ ചികിത്സക്ക് കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ജൂലൈ 2ന് ആണ് അന്ത്യം സംഭവിച്ചത്.
റിയാദില്‍ നിന്ന് 350 കിലോ മീറ്റര്‍ അകലെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ നിന്ന് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് മൃതദേഹം വഹിച്ചുകൊണ്ടുളള ആംബുലന്‍സ് പുറപ്പെട്ടു. പുറപ്പെടുന്നതിന് മുമ്പ് സഹപ്രവര്‍ത്തകരും മലയാളി നഴ്‌സുമാരും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളും സുജയുടെ ചിത്രവുമായി അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതികശരീരം ബന്ധുക്കളും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് ഏറ്റുവാങ്ങും. യു എന്‍ എ യുടെ പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സില്‍ മൃതദേഹം ജന്മനാട്ടിലെത്തിക്കും. യു എന്‍ എ സാരഥി ജാസ്മിന്‍ഷാ ഉള്‍പ്പെടെയുളളവരുടെ നിര്‍ദേശാനുസരണം ഖസീം പ്രവാസി സംഘം പ്രവര്‍ത്തകനും യു എന്‍ എ അംഗവുമായ മിഥുന്‍ ജേക്കബ്, സാമൂഹ്യപ്രവര്‍ത്തകന്‍ സലാം പാറട്ടി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.