റിയാദ്: പെട്രോള്‍ പൂഴ്ത്തിവെച്ച ബങ്കുകള്‍ക്കെതിരെ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം. കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ശേഖരിക്കുകയും വില ഉയരുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്നത് അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില അനുസരിച്ചാണ് പെട്രോളിന് വില നിശ്ചിയിക്കുന്നത്. വില കുറയുമ്പോള്‍ പെട്രോള്‍ വില്‍ക്കാതെ പൂഴ്ത്തിവെച്ച 23 പെട്രോള്‍ ബങ്കുകള്‍ക്കെതിരെ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം വക്താവ് അബ്്വുറഹ്മാന്‍ അല്‍ ഹുസൈന്‍ പറഞ്ഞു.
സൗദിയില്‍ കഴിഞ്ഞ ദിവസം പെട്രോളിന് വില വര്‍ധിപ്പിച്ചിരുന്നു. നിലവിലെ നിരക്ക് അടുത്ത മാസം 10 വരെ തുടരും. അന്താരാഷ്ട്ര വിപണിയിലെ വില അനുസരിച്ച് പ്രാദേശിക വിപണിയില്‍ വില പ്രഖ്യാപിക്കുന്നത് സൗദി അരാംകോയാണ്. ചില പെട്രോള്‍ ബങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ബോധപൂര്‍വം ഇന്ധനം നിഷേധിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതും പൂഴ്ത്തിവെപ്പിന് സമാനമായ കുറ്റകൃത്യമാണ്. വില ഉയരുമ്പോള്‍ കൂടിയ വിലക്ക് വില്‍ക്കുന്നതിനാണ് പെട്രോള്‍ സ്‌റ്റോക്ക് ഉളളപ്പോഴും ഉപഭോക്താക്കള്‍ക്ക് നിഷേധിക്കുന്നത്. വ്യാപാര വഞ്ചന ഗുരുതരമായ കുറ്റകൃത്യമാണ്. മൂന്നു വര്‍ഷം തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ഉപഭോക്താക്കളുടെ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.