റിയാദ്: സൗദിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനു പകരം തവക്കല്‍നാ ആപ് മതിയെന്ന് അധികൃതര്‍. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം രാജ്യത്തിനകത്തുളളവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനിമുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം വൈറസ് ബാധിതനല്ലെന്ന് ആപ്ലിക്കേഷനില്‍ തെളിഞ്ഞാല്‍ മതിയെന്ന് അധികൃതര്‍ വിശദീകരിച്ചു.
കൂടുതല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന നിര്‍മാണ മേഖലയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവരെ മാത്രമേ വര്‍ക് സൈറ്റിലേക്ക് പ്രവേശിപ്പിച്ചിരുന്നുളളൂ. ഇതിനുപുറമെ വ്യപാര കേന്ദ്രങ്ങള്‍, ഷോപിംഗ് മാളുകള്‍, റസ്‌റ്റോറന്റുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തവക്കല്‍നാ ആപ് പ്രയോജനപ്പെടും. നഗരസഭകള്‍ നടപ്പിലാക്കിയ കൊവിഡ് പ്രൊട്ടോകോളുകള്‍ക്കു അംഗീകാരം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
കൊവിഡ്പ്രതിരോധത്തിന് ആരോഗ്യ മന്ത്രാലയമാണ് തവക്കല്‍നാ ആപ് പുറത്തിറക്കിയത്. സൗദി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വികസിപ്പിച്ച ആപ് ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.