
റിയാദ്: സൗദി തലസ്ഥാന നഗരിയില്‍ വര്‍ണ വിസ്മയം വിരിയിക്കുന്ന പുതിയ ലാന്‍ഡ്മാര്‍ക്ക് ‘ദി ആര്‍ട്‌സ് ടവര്‍’ ശ്രദ്ധേയമാകുന്നു. നിര്‍മ്മാണം പുരോഗമിക്കുന്ന സ്‌പോര്‍ട്‌സ് ബൊളിവാര്‍ഡ് പദ്ധതിയിലാണ് കലയുടെയും ഭാവനയുടെയും ദീപസ്തംഭമായി വര്‍ണക്കാഴ്ചകള്‍ വിരിയുന്ന ടവര്‍ ഒരുക്കിയിട്ടുളളത്.

വൈദ്യുതി ടവറുകളുടെ മാതൃകയില്‍ 83 മീറ്റര്‍ ഉയരത്തിലാണ് ആര്‍ട്‌സ് ടവറിന്റെ രൂപകല്പന. പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോഡും പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് റോഡും സംഗമിക്കുന്ന കവലയിലാണ് സ്‌പോര്‍ട്‌സ് ബൊളിവാര്‍ഡിലെ ലാന്‍ഡ്മാര്‍ക്കായി ‘ആര്‍ട്‌സ് ടവര്‍’ ഉയര്‍ന്നിരിക്കുന്നത്.

33 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ടവറിന്റെ അടിത്തറ. നീല, ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുളള 691 എഥിലീന്‍ ടെട്രാ ഫഌറോ എത്തിലീന്‍ പാനലുകളാണ് ടവറിനെ വര്‍ണാഭമാക്കുന്നത്. പകലും രാത്രിയും വ്യത്യസ്ഥ വര്‍ണ വിന്യാസങ്ങളാണ് ടവറിന്റെ പ്രത്യേകേത. പകല്‍ സമയങ്ങളില്‍ സൂര്യ പ്രകാശം പാനലുകളില്‍ പതിച്ച് വര്‍ണ നിറങ്ങളും നിഴല്‍ രൂപങ്ങളും സൃഷ്ടിക്കും.

ഇതു കേവലം സൗന്ദര്യ ശില്പത്തിനപ്പുറം വലിയ അനുഭവം കാഴ്ചക്കാര്‍ക്ക് സമ്മാനിക്കും. രാത്രിയില്‍ പ്രകാശിക്കുന്ന വൈദ്യുത ദീപങ്ങള്‍ ഗൃഹാതുരവും ഭാവിയുടെ തിളക്കവുമാണ്. റിയാദിന്റെ പൈതൃകത്തെ ഭാവിയിലേക്കുള്ള ചൈതന്യവുമായി ലയിപ്പിക്കുന്ന സര്‍ഗ സൃഷ്ടിയാണിതെന്ന് ടവറിന് പേര് നിര്‍ദേശിച്ച സൗദി കലാകാരന്‍ അബ്ദുല്‍ നാസര്‍ ഗരേം പറയുന്നു.

ഓട്ടം, സൈക്ലിംഗ്, കുതിരസവാരി തുടങ്ങി വിവിധ കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്‌പോര്‍ട്‌സ് ബൊളിവാര്‍ഡ് പദ്ധതി. റിയാദിലെ എട്ട് ജില്ലകളിലായി 135 കിലോ മീറ്റര്‍ ദൈര്‍ഘ്യമാണ് പദ്ധതിയ്ക്കുളളത്. എന്നാല്‍ ആര്‍ട്‌സ് ടവര്‍ കേവലം ദൃശ്യഭംഗി മാത്രമാവില്ല, സാമൂഹിക സാംസ്‌കാരിക ഒത്തുചേരലുകളുടെ ഇടമായി മാറുമെന്നാണ് പ്രതീക്ഷ.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.