റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് പത്തു വര്‍ഷം തടവില്‍ കഴിഞ്ഞ ഇന്ത്യക്കാരന് മോചനം. ഈജിപ്ഷ്യന്‍ പൗരന്‍ ഈദ് ഇബ്രാഹിം കൊല്ലപ്പെട്ട കേസില്‍ പഞ്ചാബ് മുഖ്തസര്‍ സാബ് മല്ലന്‍ സ്വദേശി ബല്‍വീന്ദര്‍ സിംഗ് ആണ് മോചന ദ്രവ്യം നല്‍കി വധശിക്ഷയില്‍ ഇളവ് നേടി ഇന്ത്യയിലേക്ക് മടങ്ങിയത്. വിചാരണ കോടതിയും അപ്പീല്‍ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഇതിനിടെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ രമിച്ച ഈജിപ്ഷ്യന്‍ പൗരന്റെ കുടുംബവുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലാണ് 10 ലക്ഷം റിയാല്‍ ദിയാ ധനം സ്വീകരിച്ച് പ്രതിക്ക് മാപ്പ് നല്‍കാന്‍ തീരുമാനിച്ച്. ഇത് കോടതി അംഗീകരിച്ചതോടെയാണ് ഇന്ത്യക്കാരന്റെ വധശിക്ഷ ഒഴിവായത്.
റിയാദ് അസീസിയയില്‍ 2013 മെയ് 25ന് ആണ് കേസിന് ആസ്പദമായ സംഭവം. കമ്പനി അക്കോമഡേഷനില്‍ കൊല്ലപ്പെട്ട ഈദ് ഇബ്രാഹിം തൊഴിലാളികളെ ശല്യപ്പെടുത്തിയിരുന്നു. കത്തിയുമായി ബല്‍ വീന്ദര്‍ സിംഗിനെയും നേരിട്ടു. ഇതോടെ മരക്കഷണം എടുത്ത് ഈദ് ഇബ്രാഹിമിനെ തലക്കടിച്ചു വീഴ്ത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിതേന്ദര്‍ സിംഗ് കൂട്ടുപ്രതിയായിരുന്നു. മുറിവേറ്റ് രക്തം വാര്‍ന്നാണ് ഈദ് ഇബ്രാഹിം കൊല്ലപ്പെട്ടത്.
ഒളിവില്‍ പോയ ഇരുവരെയും ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി. മൂന്ന് വര്‍ഷം തടവു ശിക്ഷ വിധിച്ച കൂട്ടു പ്രതിയെ ശിക്ഷകഴിഞ്ഞ് ഇന്ത്യയിലേക്ക് നാടുകടത്തി. അപ്പീല്‍ കോടതി വധശിക്ഷ ശരിവച്ചതോടെ ബല്‍ വീന്ദര്‍ സിംഗിന്റെ കുടുംബം ഇന്ത്യന്‍ എംബസിയെ സമീപിച്ചു. കുടുംബത്തിന്റെ പ്രതിനിധിയായി രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് യാക്കൂബിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈജിപ്ത് എംബസിയിലും കോടതിയിലും നിരന്തരം നടത്തിയ ശ്രമങ്ങളാണ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത്.
2021 നവംബറിലാണ് ദിയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കാന്‍ കോടതി ഉത്തരവിട്ടത്. ബല്‍ വീന്ദര്‍ സിംഗിന്റെ കുടുംബവും സുഹൃത്തുക്കളും സമാഹരിച്ച പണം കോടതിയില്‍ കെട്ടിവെച്ചു. നിയമ നടപടി പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ബല്‍ വീന്ദര്‍ സിംഗ് ഇന്ത്യയിലേക്ക് മടങ്ങിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.