
റിയാദ്: സൗദി അറേബ്യയില്‍ റോഡുകളും മോട്ടോര്‍ കാറുകളും ഇല്ലാത്ത കാര്‍ബണ്‍രഹിത നഗരം ഒരുങ്ങുന്നു. ദി ലൈന്‍ എന്ന് നാമകരണം ചെയ്ത നഗരത്തില്‍ 10 ലക്ഷം ജനങ്ങള്‍ക്ക് താസ സൗകര്യം ഒരുക്കും. പദ്ധതിയുടെ ഉദ്ഘാടനം കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍വഹിച്ചു.

സ്വപ്‌ന പദ്ധതിയായ നിയോം സിറ്റിയിലാണ് കാര്‍ബണ്‍ രഹിത നഗരം ഒരുങ്ങുന്നത്. കാര്‍ബണ്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കടുത്ത വെല്ലുവിളിയാണെന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇതിന് പുറമെ സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നു. ഇത് 2050 ആകുന്നതോടെ ലക്ഷക്കണക്കിന് ജനങ്ങള്‍ മാറി താമസിക്കേണ്ട സ്ഥിതിയിലേക്ക് നയിക്കുമെന്നും കിരീടാവകാശിപറഞ്ഞു.
90 ശതമാനം ജനങ്ങളും മലിന വായുവാണ് ശ്വസിക്കുന്നത്. വികസനത്തിന്റെ പേരില്‍ പ്രകൃതിയെ നശിപ്പിക്കുകയാണ്. മലിനീകരണത്തെ തുടര്‍ന്ന് വര്‍ഷം 70 ലക്ഷം ജനങ്ങള്‍ മരിക്കുന്നു. റോഡപകടങ്ങളില്‍ വര്‍ഷം പത്തു ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നു. ഇതെല്ലാം ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
കാര്‍ബണ്‍ രഹിത നഗരം 3.8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ഉല്ലാസ സൗകര്യങ്ങള്‍ എന്നിവയും ഉണ്ടാകും. ഇവിടങ്ങളില്‍ അഞ്ചുമിനുട്ടിനകം എത്തിച്ചേരാന്‍ കഴിയുന്ന വിധമാണ് നഗരത്തിന്റെ രൂപകത്പ്പന. ഇതിനുപുറമെ, അതിവേഗ യാത്രാ സൗകര്യവും ഒരുക്കും. 170 കിലോ മീറ്റര്‍ ദൂരമുളള നഗരത്തിലെ പരമാവധി യാദ്രാ ദൈര്‍ഘ്യം 20 മിനിറ്റില്‍ കുറവായിരിക്കും. വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.





