
റിയാദ്: യമനിലെ ഹൂതികളെ ഭീകരായി പ്രഖ്യാപിക്കാനുളള അമേരിക്കന്‍ തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സമാധാനത്തിന് ഹൂതികള്‍ ഭീഷണിയാണെന്നും സൗദി അറേബ്യ കുറ്റപ്പെടുത്തി.

ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമെന്നും നേതാക്കളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അമേരിക്ക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ അക്രമണങ്ങള്‍ അതിരുകടക്കുകയാണ്. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതോടെ നിയമാനുസൃത യെമന്‍ സര്‍ക്കാരിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഹൂതികളുടെ ഇടപെടല്‍ യെമന്‍ ജനങ്ങളെ ദുരിതത്തിലേക്ക് തളളിവിടുകയാണ്. സമാധാനം, സുരക്ഷ, സമ്പദ് ഘടന എന്നിവക്കെല്ലാം ഹൂതികള്‍ ഭഷണിയാണ്. ഹൂതികളെ പിന്തുണക്കുന്നവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതിലൂടെ കഴിയും. ഹൂതികള്‍ക്ക് ആയുധങ്ങളും പണവും നല്‍കുന്നത് അവസാനിപ്പിക്കാനും സാധ്യമാകും. യമന്‍ സമാധാനത്തിന് ഐക്യരാഷ്ട്ര സഭാ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുമെന്നും വിദേശ മന്ത്രാലയം അറിയിച്ചു.





