
ദമ്മാം: പിണറായി വിജയനെ സന്തോഷിപ്പിക്കാനുള്ള വ്യക്തിപൂജ മാത്രമാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനമെന്നു കെപിസിസി വക്താവ് ജ്യോതികുമാര്‍ ചാമക്കാല. സംസ്ഥാനസര്‍ക്കാരിന്റെ മോശം ഭരണം കേരളത്തെ സാമ്പത്തികമായി തകര്‍ത്തു. കടമെടുത്തത് തിരിച്ചടയ്ക്കാന്‍ വരുമാനമില്ലാത്ത സര്‍ക്കാരാണ് ഭരിക്കുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അഴിമതി ഭരണം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ തയ്യാറായി കഴിഞ്ഞു. സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. സമസ്ത മേഖലയിലും പരാജയമായ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അധികാരത്തില്‍ നിന്നു പൊതുജനം ആട്ടിയിയിറക്കുന്നതിനു മുമ്പുള്ള വന്‍ കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദമ്മാം ഒഐസിസി സംഘടിപ്പിച്ച ‘അമൃതം’, ‘മികവ്’ എന്നീ പരിപാടികളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.

സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും രാജി വെക്കണം. 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയത് ഒന്നര കിലോ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പമാണ്. എന്നാല്‍ ദേവസ്വം മഹസറില്‍ ചെമ്പുപാളിയെന്നാണ് രേഖപ്പെടുത്തിയത്. ശ്രീകോവിലിനു ചുറ്റുമുള്ള എട്ടു സൈഡ് പാളികളില്‍ രണ്ടു സൈഡ് പാളികള്‍ കൂടി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയിരുന്നു. അതു പിന്നീട് തിരിച്ചേല്‍പ്പിച്ചിരുന്നു. എട്ടു പാളികളിലായി നാലു കിലോ സ്വര്‍ണമാണ് യുബി ഗ്രൂപ്പ് അന്ന് പൊതിഞ്ഞത്. തിരിച്ചേല്‍പ്പിച്ച സ്വര്‍ണ പാളികളില്‍ എത്ര സ്വര്‍ണം ഉണ്ടെന്നത് പരിശോധന നടത്തണം -ജ്യോതികുമാര്‍ ആവശ്യപ്പെട്ടു.

ദ്വാരപാലക ശില്‍പ്പം തിരിച്ചു കൊണ്ടു വന്നപ്പോള്‍ 394 ഗ്രാം സ്വര്‍ണം മാത്രമാണ് ഉണ്ടായിരുന്നതെന്നും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാണ്. ഏകദേശം 40 ദിവസത്തിന് ശേഷമാണ് ഈ ശില്‍പ്പങ്ങള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെത്തിക്കുന്നത്. ദ്വാരപാലക ശില്‍പ്പങ്ങള്‍ തിരിച്ചേല്‍പ്പിച്ചപ്പോള്‍ സ്വര്‍ണത്തില്‍ കുറവുണ്ടായ കാര്യം തിരുവാഭരണ കമ്മീഷണര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ട്. സിപിഎം ഗുരുതരമായ കളവാണ് ശബരിമലയില്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പ്രസിഡന്റ് ഇ.കെ സലീം അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറര്‍ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.






