Sauditimesonline

watches

പൗരത്വ നിയമം: എതിര്‍ സത്യവാങ്ങ്മൂലം നല്‍കാത്തത് കേസ് വൈകിപ്പിക്കാനെന്ന് ടി എന്‍ പ്രതാപന്‍ എം പി.

റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിലുളള ഹര്‍ജി കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ടി എന്‍ പ്രതാപന്‍ എം പി. നാല് ആഴ്ച കഴിഞ്ഞ് ഹര്‍ജി പരിഗണിക്കുമെന്ന് ജനുവരി 22ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ എതിര്‍ സത്യവാങ്ങ് മൂലം കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ടി എന്‍ പ്രതാപന്‍ കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. രണ്ടു ദിനോസറുകളല്ല ഇന്ത്യയെന്ന് മുഖത്ത്‌നോക്കി സഭക്കുളളില്‍ പറഞ്ഞത് കോണ്‍ഗ്രസ് അംഗമാണ്. ദല്‍ഹി കലാപത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും രാഷ്ട്രപതിയെ കണ്ടതും കോണ്‍ഗ്രസ് നേതൃത്വമാണ്. അമിത് ഷായുടെ രാജി ആദ്യമായി ആവശ്യപ്പെട്ടതും കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന ആക്ഷേപങ്ങള്‍ക്ക് അര്‍ഥമില്ല. ആയിരം പേജുളള എതിര്‍ സത്യവാങ്ങ്മൂലം തയ്യാറാണെന്ന് പറഞ്ഞ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇതുവരെ അത് സമര്‍പ്പിക്കാത്തതെന്നും ടി എന്‍ പ്രതാപന്‍ ചോദിച്ചു.
ഭരണാധികാരികളുടെ പ്രവൃര്‍ത്തികള്‍ നിരീക്ഷിക്കാനുളള ചുമതല ന്യായാധിപന്‍മാര്‍ക്കുണ്ട്. എന്നാല്‍ ഉത്തരവാദിത്തമുളള ന്യായാധിപന്‍മാര്‍ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. എങ്കിലും പരമോന്നത കോടതിയില്‍ വിശ്വാസമുണ്ട്.

റിയാദ് സാരംഗി കലാ സാംസ്‌കാരിക വേദി ജി കാര്‍ത്തികേയന്‍ സ്മാരക വോയ്‌സ് ഓഫ് ഡമോക്രസി പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനാണ് ടി എന്‍ പ്രതാപന്റെ സൗദി സന്ദര്‍ശനം. ഫെബ്രുവരി 27ന് റിയാദ് നോഫ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പ്രദീപ് സിംഗ് രാജ് പുരോഹിത് സമ്മാനിക്കും. പ്രശസ്തി പത്രം, ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പി, ആയിരം പുസ്തകങ്ങള്‍ എന്നിവയാണ് ഉപഹാരമായി സമ്മാനിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സലിം കളക്കര, സുരേഷ് ശങ്കര്‍, സകീര്‍ ദാനത്ത്, ഷംസു കളക്കര, ഷാജി സോന എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top