സംഗീത സാന്ദ്രമാകും ‘റഫി നൈറ്റ്’; മുഹമ്മദ് അസ്‌ലം പങ്കെടുക്കും

റിയാദ്: വിഖ്യാത ഗായകനും സംഗീതജ്ഞനുമായിരുന്ന മുഹമ്മദ് റഫിയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനൊരുങ്ങി റിയാദിലെ ആരാധകര്‍. ജൂലൈ 31ന് റാഫിയുടെ 43-ാമത് ചരമദിനം ആചരിക്കും. ഇതിന്റെ ഭാഗമായി ജൂലൈ 28 വെളളി വൈകുന്നേരം 7.30ന് റിയാദില്‍ റഫിയുടെ അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കി ‘റഫി നൈറ്റ്’ എന്ന പേരില്‍ സംഗീത വിരുന്ന് അരങ്ങേറും. മുഹമ്മദ് റഫിയുടെ ഗാനങ്ങളിലൂടെ ശ്രദ്ധനേടിയ പിന്നണി ഗായകനും സ്‌റ്റേജ് പെര്‍ഫോര്‍മറുമായ മുഹമ്മദ് അസ്‌ലം, ഗായിക സുമി അരവിന്ദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. പരിപാടിയുടെ വിജയത്തിനായി ഗായകന്‍ കുഞ്ഞി മുഹമ്മദ് കോ ഓര്‍ഡിനേറ്ററായി സംഘാടക സമിതി രൂപീകരിച്ചു.

1924 ഡിസംബര്‍ 24 ആണ് മുഹമ്മദ് റഫിയുടെ ജനനം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറെ ആരാധകരാണ് മുഹമ്മദ് റാഫിയുടെ സ്വരമാധുരിക്കുളളത്. ശാസ്ത്രീയ സംഗീതം, ഖവാലി, ഭക്തി ഗാനങ്ങള്‍, ഗസലുകള്‍, റൊമാന്റിക് ഗാനങ്ങള്‍, ഫാസ്റ്റ് ഗാനങ്ങള്‍, ദേശഭക്തി ഗാനങ്ങള്‍ തുടങ്ങി നൂറുകണക്കിന് സംഗീത നാദങ്ങളാണ് റാഫിയുടെ ശബ്ദശ്രേണിയില്‍ സംഗീത ആസ്വാദകരെ ആകര്‍ഷിച്ചത്.

Leave a Reply